കാശ്മീരിലുണ്ടായ വ്യത്യസ്തമായ ഏറ്റുമുട്ടലുകളിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു

ശ്രീനഗർ: കാശ്മീരിലുണ്ടായ വ്യത്യസ്തമായ ഏറ്റുമുട്ടലുകളിൽ സുരക്ഷാസേന നാല് ഭീകരരെ വധിച്ചു. നാല് ജവാന്‍മാർക്ക് പരിക്കേറ്റു. പുൽവാമ, ഷോപ്പിയാൻ ജില്ലകളിലാണ് ഏറ്റുമുട്ടൽ നടന്നത്. വ്യാഴാഴ്ച വൈകുന്നേരമാണ് ഷോപ്പിയാനിൽ വെടിവയ്പ്പുണ്ടായത്. ജൻ മൊഹല്ലയിലെ മോസ്‌ക്കിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന് രഹസ്യസന്ദേശത്തെ തുടർന്നാണ് സൈന്യം ഇവിടെ എത്തിയത്. തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു.
നാല് ജവാന്‍മാർക്ക് പരിക്കുണ്ട്. മോസ്‌ക്കിനുള്ളിൽ ഇപ്പോഴും രണ്ട് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്നാണ് വിവരം. ഇന്ന് അതിരാവിലെയാണ് പുൽവാമയിൽ ഏറ്റുമുട്ടലുണ്ടായത്. അവന്തിപ്പോരയിൽ നടന്ന വെടിവയ്പ്പിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായാണ് വിവരം. മൂന്ന് പേർ ഇവിടെ ഒളിച്ചിരിപ്പുണ്ട്. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്.