ശുഹൈബ് വധം : ആയുധങ്ങൾ കണ്ടെടുത്തതായി പോലീസ്

കണ്ണൂർ : മട്ടന്നൂരിലെ യൂത്ത് കോൺഗ്രസ് നേതാവ് ശുഹൈബിനെ വധിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ പോലീസ് കണ്ടെടുത്തു. മൂന്ന് വാളുകളാണ് പോലീസ് പരിശോധനയിൽ ലഭിച്ചത്. നേരത്തെ പ്രദേശത്ത് നിന്നും ഒരു വാൾ ലഭിച്ചിരുന്നു. മട്ടന്നൂരിന് സമീപം വെള്ളാംപറന്പിൽ നിന്നാണ് പോലീസ് ആയുധങ്ങൾ കണ്ടെടുത്തത്. കാട് വെട്ടിത്തെളിക്കുന്പോഴാണ് ആയുധങ്ങൾ ലഭിച്ചത്.
ശുഹൈബിനെ കൊലപ്പെടുത്തിയ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റർ മാത്രം അകലെയാണ് പ്രതികൾ ആയുധങ്ങൾ ഒളിപ്പിച്ചിരുന്നത്. കൊലയ്ക്ക് പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ തന്നെയാണോ കണ്ടെടുത്തതെന്ന് പോലീസ് പരിശോധിക്കുകയാണ്.
ഇന്നലെ ശുഹൈബ് വധക്കേസിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം സർക്കാരിന് നേരിടേണ്ടിവന്നിരുന്നു. കൊല നടന്ന് ഇത്രദിവസമായിട്ടും ആയുധങ്ങൾ കണ്ടെടുക്കാൻ പോലും പോലീസിന് കഴിയാത്തതിന്റെ കാര്യം പ്രത്യേകം പരാമർശിച്ചായിരുന്നു ഹൈക്കോടതിയുടെ വിമർശനം. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് കോടതി രൂക്ഷ വിമർശനമുയർത്തിയത്.
കൊലപാതകം നടത്തിയ ആയുധം കണ്ടെത്താൻ കഴിയാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. പോലീസിൽ ചാരന്‍മാരുണ്ടെന്ന കണ്ണൂർ എസ്.പിയുടെ പരാമർശവും കോടതി ചൂണ്ടിക്കാട്ടി. ശുഹൈബിന്റെ ചിത്രങ്ങൾ ഉയർത്തികാട്ടിയായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം. എന്റെ മുന്നിലിരിക്കുന്ന ഫയലിൽ ഒരു മനുഷ്യനെ വെട്ടിനുറുക്കിയ ചിത്രങ്ങളാണുള്ളത്. ഇത് സർക്കാർ കാണുന്നില്ലേയെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തിയെന്ന് പോലീസ് വ്യക്തമാക്കിയത്.
ഈ മാസം 12 ന് രാത്രി പതിനൊന്നരയ്ക്കാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ശുഹൈബിന് വെട്ടേറ്റത്. തെരൂരിൽ സുഹൃത്തുക്കൾക്കൊപ്പം തട്ട് കടയിൽ ചായ കുടിക്കുന്പോഴാണ് വാഗൺ ആർ കാറിലെത്തിയ അക്രമി സംഘം ശുഹൈബിനെ വെട്ടിവീഴ്ത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കൾക്കും വെട്ടേറ്റിരുന്നു. നെഞ്ചിനും കാലുകൾക്കും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.