കളമശേരി സ്‌ഫോടനം: ഗുരുതര ഇന്റലിജന്‍സ് വീഴ്ചയെന്ന് കെ സുധാകരന്‍


കളമശേരി സ്‌ഫോടനം ഞെട്ടിക്കുന്നതാണെന്നും ആഭ്യന്തര വകുപ്പിന്റെയും ഇന്റലിജന്‍സിന്റെയും ഗുരുതര വീഴ്ചയാണ് സംഭവിച്ചരിക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കേരളം പോലൊരു സംസ്ഥാനത്ത് ബോംബ് കൊണ്ടുവരുകയോ നിര്‍മിക്കുകയോ ചെയ്യാനും അതു നടപ്പാക്കാനും വ്യക്തമായ ആസൂത്രണം ആവശ്യമാണ്. ഇത് കണ്ടെത്തുന്നതില്‍ ഗുരുതരമായ വീഴ്ച ഇന്റലിജന്‍സിനു സംഭവിച്ചെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. ആഭ്യന്തരവകുപ്പിന്റെ ജാഗ്രതക്കുറവ് പ്രകടമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഗുരുതരമായ സ്ഥിതിവിശേഷമാണ് സംസ്ഥാനത്തുള്ളത്. ഏറ്റവും ശക്തമായ അന്വേഷണം നടത്തി ഈ സ്‌ഫോടനത്തിന് പിന്നിലെ ശക്തികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. ഇത്തരം ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ പിഴവുകളില്ലാതെ സ്വീകരിക്കണം. കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്വന്തം സുരക്ഷ അടിക്കടി വര്‍ദ്ധിപ്പിക്കുന്ന പിണറായി വിജയന്‍ സംസ്ഥാനത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു പ്രാധാന്യവും കൊടുക്കുന്നില്ല എന്ന് ഓരോ ദിവസവും വ്യക്തമാകുകയാണ്. ഗുരുതരമായ ഇന്റലിജന്‍സ് വീഴ്ചയ്ക്ക് ആഭ്യന്തരമന്ത്രികൂടിയായ മുഖ്യമന്ത്രി മറുപടി പറയണം. ആഭ്യന്തരം കയ്യാളുന്ന മുഖ്യമന്ത്രിയുടെകൂടി പരാജയമാണിത്. ആ ധാര്‍മിക ഉത്തരവാദിത്വത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാന്‍ സാധിക്കില്ല. സംസ്ഥാനത്തെ ക്രമസമാധാന പാലനം തകര്‍ന്നിട്ട് ഏഴുവര്‍ഷങ്ങള്‍ പിന്നിടുന്നു. ബോംബ് സ്‌ഫോടനങ്ങള്‍ കൂടി നടന്നതോടുകൂടി കേരളം ലോകത്തിനു മുമ്പില്‍ തലകുനിക്കേണ്ട അവസ്ഥയ സംജാതമായിരിക്കുന്നുവെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

 

 

article-image

asdadsadsaasdads

You might also like

Most Viewed