നീറ്റിന്റെ പേരിൽ വ്യാജ രേഖ; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റിൽ


നീറ്റ് പരീക്ഷാഫലത്തില്‍ കൃത്രിമം കാട്ടിയ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ പിടിയില്‍. കൊല്ലം കടയ്ക്കല്‍ സ്വദേശി സമി ഖാൻ(21) ആണ് പിടിയിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. 2021-2022 നീറ്റ് പരീക്ഷാഫലം വന്നപ്പോള്‍ 16 മാര്‍ക്ക് മാത്രമാണ് ഇയാള്‍ക്കുണ്ടായിരുന്നത്. ഇതോടെ മെഡിക്കല്‍ പ്രവേശനം നേടാന്‍ കഴിയില്ലെന്ന് മനസിലാക്കിയ ഇയാള്‍ 468 മാര്‍ക്കുണ്ടെന്ന് രേഖപ്പെടുത്തിയ വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉണ്ടാക്കുകയായിരുന്നു. പിന്നാലെ നീറ്റ് പരീക്ഷ നടത്തുന്ന ഏജന്‍സിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതാണ് സമി ഖാന് വിനയായത്. ഇയാളുടെ ഹര്‍ജി ഗൗരവമായി എടുത്ത കോടതി നാഷണൽ ടെസ്റ്റിംഗ് ഏജന്‍സിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ടു.
ഇവര്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇയാളുടെ കൈവശമുള്ളത് വ്യാജ മാര്‍ക്ക് ലിസ്റ്റ് ആണെന്ന് വ്യക്തമായത്. ഇതോടെ സംഭവത്തില്‍ വിശദമായി അന്വേഷണം നടത്താന്‍ കൊല്ലം റൂറല്‍ എസ്പിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

ചിതറ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ വ്യാജ രേഖ ചമച്ചെന്ന് കണ്ടെത്തി. വ്യാഴാഴ്ച ഇയാളെ അറസ്റ്റ് ചെയ്‌തെങ്കിലും ഈ വിവരം മാധ്യങ്ങളില്‍നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചെടുത്തു. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പോലീസ് കടയ്ക്കല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതിന് പിന്നില്‍ ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് കെഎസ്‌യു ആരോപിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed