‘കേന്ദ്രത്തിന് മൃദുസമീപനം’ ഏത് സർക്കാരിന്റെ റോഡ് ആയാലും കുഴികൾ ഉണ്ടാകാൻ പാടില്ല; മന്ത്രി പി എ മുഹമ്മദ് റിയാസ്

നെടുമ്പാശേരി അപകടമരണം ദൗർഭാഗ്യകരമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഏത് സർക്കാരിന്റെ റോഡായാലും കുഴികൾ ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ദേശീയ പാതയിൽ കൃത്യമായി അറ്റകുറ്റ പണി നടക്കുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
കരാറുകാർക്കെതിരെ നടപടിയെടുക്കുന്നില്ല. കേന്ദ്രത്തിന് മൃദു സമീപനം. റോഡ് പരിപാലനത്തിൽ വീഴ്ച്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ എന്തെങ്കിലും നടപടിയെടുക്കാൻ ദേശീയപാതാ അതോറിറ്റിക്ക് പറ്റുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ദേശീയപാതാ അതോറിറ്റിക്ക് കീഴിലുള്ള റോഡിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ഇടപെടാൻ സാധിക്കില്ല.
ഒരോ വകുപ്പിൻ്റെ കീഴിലും വരുന്ന റോഡുകൾ സുരക്ഷിത യാത്രയ്ക്ക് അനുയോജ്യമാണ് എന്നു ഉറപ്പു വരുത്തേണ്ടത് ആ വകുപ്പ് തന്നെയാണ്. ഇന്ത്യൻ റെയിൽവേയുടെ ട്രാക്കിൽ പ്രശ്നമുണ്ടായാൽ കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് പോയി ഇടപെടാൻ ആവില്ല.
നിരുത്തരവാദിത്തപരമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ ദേശീയ പാതാ അതോറിറ്റി നടപടിയെടുക്കുന്നില്ല. എറണാകുളം – തൃശ്ശൂർ പാത, ആലപ്പുഴയിൽ ഹരിപ്പാട് ദേശീയപാത അറ്റകുറ്റപ്പണി ആവശ്യപ്പെട്ട് പലവട്ടം ദേശീയപാതാ അതോറിറ്റിക്ക് കത്തയച്ചതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്നലെ രാത്രിയാണ് നെടുമ്പാശേരിക്ക് സമീപം റോഡിലെ കുഴിയിൽ പെട്ട് തെറിച്ചു വീണ ബൈക്ക് യാത്രികൻ മറ്റൊരു വാഹനമിടിച്ചു മരിച്ചത്. പറവൂർ മാഞ്ഞാലി മനക്കപ്പടി സ്വദേശി ഹാഷിമാണ് മരിച്ചത്. 52 വയസ്സായിരുന്നു. ഹോട്ടൽ ജീവനക്കാരനായ ഇദ്ദേഹം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടമുണ്ടായത്.