കൊച്ചി മെട്രോയുടെ തൂണിൽ ചരിവ്; വിദഗ്ദ്ധ സംഘം പരിശോധന നടത്തും

കളമശേരി പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപത്തെ മെട്രോ തൂണിന് ചരിവുണ്ടായതിന്‍റെ കാരണം കണ്ടെത്തുന്നതിനായി ഇന്നും ഞായറാഴ്ചയുമായി സാങ്കേതിക പരിശോധന നടക്കും. പത്തടിപ്പാലം മെട്രോ സ്റ്റേഷന് സമീപമുള്ള 347ആം നന്പർ തൂണിന്‍റെ അടിത്തറയിൽ ചെറിയതോതിൽ വ്യതിയാനം വന്നിട്ടുണ്ട്. ഇതേത്തുടർന്ന് ട്രാക്കിന്‍റെ അലൈന്‍മെന്‍റിൽ നേരിയ വ്യത്യാസം ഉണ്ടായിട്ടുണ്ട്. മണ്ണിന്‍റെ ഘടനയും മറ്റും കണ്ടെത്തുന്നതിനായി ജിയോ ഫിസിക്കൽ, ജിയോ ടെക്‌നിക്കൽ പരിശോധനകളാണ് നടത്തുന്നത്. കെഎംആർഎല്ലിന്‍റെയും മെട്രോ പാതനിർമിച്ച കരാറുകാരായ എൽആൻഡ്ടിയുടെയും സാങ്കേതിക വിദഗ്ധരാണ് പരിശോധന നടത്തുന്നത്. തൂണിനോ പൈലുകൾക്കോ ബലക്ഷയം ഉണ്ടായിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്.
മണ്ണ് മാറ്റാതെ ആധുനിക ഉപകരണം ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. മെട്രോ റെയിൽ നിർമാണ കരാറുകാരായ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനും (ഡിഎംആർസി)യും വരും ദിവസങ്ങളിൽ പരിശോധനയ്ക്ക് എത്തുന്നുണ്ട്.
പാളം ഉറപ്പിച്ചിരിക്കുന്ന കോണ്‍ക്രീറ്റ് ഭാഗമായ വയഡക്ടിന്‍റെ ചരിവ്, പാളത്തിനടിയിലെ ബുഷിന്‍റെ തേയ്മാനം, തൂണിന്‍റെ ചരിവ് എന്നീ സാധ്യതകളാണ് പാളത്തിലെ ചരിവിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാളം ഉറപ്പിച്ച കോണ്‍ക്രീറ്റ് ഭാഗത്തിന്‍റെ ചരിവല്ല കാരണമെന്നു കണ്ടെത്തിയിട്ടുണ്ട്.
കെഎംആർഎൽ ആഴ്ചകൾക്ക് മുന്പ് നടത്തിയ ട്രാക്ക് പരിശോധനയിലാണ് പ്രദേശത്തെ തകരാർ കണ്ടെത്തിയത്. മുന്‍കരുതൽ എന്ന നിലയിൽ ഇവിടെ ട്രെയിനിന്‍റെ വേഗത കുറച്ചിട്ടുണ്ട്.