കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ കേരളം ഗുരുതര വീഴ്ച വരുത്തിയെന്ന് കേന്ദ്രസംഘം

ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗത്തെ നേരിടുന്നതിൽ കേരളം ഗുരുതര വീഴ്ച വരുത്തിയെന്ന് കേന്ദ്രസംഘം. കേരളത്തിൽ സന്ദർശനം നടത്തിയ കേന്ദ്രസംഘമാണ് ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിച്ചത്. മിക്ക ജില്ലകളിലും വേണ്ടത്ര പരിശോധനാ-നിരീക്ഷണ സംവിധാനങ്ങള്‍ ഇല്ലെന്നും രോഗം കണ്ടെത്തുന്നതില്‍ മെല്ലെപ്പോക്കെന്നും കേന്ദ്രസംഘം കുറ്റപ്പെടുത്തുന്നു. സമ്പര്‍ക്കപ്പട്ടിക തയാറാക്കുന്നതിലും വീഴ്ച വരുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന രോഗികളിൽ നിന്നാണ് കൂടുതൽ പേരിലേക്ക് വൈറസ് പടരുന്നത്. കേരളത്തിലെ 90 ശതമാനം രോഗികളും ഇപ്പോൾ വീട്ടുനിരീക്ഷണത്തിലാണ്. ഇത് രോഗം പടരാൻ കാരണമാവുന്നുവെന്നാണ് കേന്ദ്രസംഘത്തിന്‍റെ വിലയിരുത്തൽ.