വിവാദ മരംമുറി ഉത്തരവിറക്കിയത് മുൻ വനം- റവന്യൂ മന്ത്രിമാരുടെ അറിവോടെ

തിരുവനന്തപുരം: വിവാദമായ മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവിറക്കിയത് മുൻ വനം - റവന്യൂ മന്ത്രിമാർ കൂടിയാലോചിച്ച് തന്നെയെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ നടന്നിരുന്നു. ഈ യോഗത്തിൽ വനം, റവന്യൂ വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുകയും ചെയ്തിരുന്നു. ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്ന ആശങ്ക പിന്നീട് പല എംഎൽഎമാരായി നിയമസഭയിൽ ഉന്നയിച്ചിരുന്നുവെന്നും എന്നാൽ വനംമന്ത്രി ഉത്തരവിനെ അനുകൂലിക്കുകയായിരുന്നുവെന്നും രേഖകൾ വ്യക്തമാക്കുന്നുണ്ട്.
റവന്യൂ വകുപ്പിന് മാത്രമായി തല കുനിക്കേണ്ടി വരില്ലെന്നും, ഉത്തരവ് ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണെന്നുമുള്ള വിശദീകരണങ്ങളും ന്യായീകരണങ്ങളും റവന്യൂ വകുപ്പ് ഇപ്പോൾ പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥർ പെട്ടെന്ന് തട്ടിക്കൂട്ടിയത് കൊണ്ട് മാത്രം വന്ന പിഴവല്ലെന്നും ഉത്തരവ് വേണ്ടത്ര കൂടിയാലോചനകളോടെത്തന്നെ പുറത്തിറക്കിയതാണെന്നും തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
2019 ജൂൺ മുതൽ ഈ വിവാദ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെടുമെന്ന ആശങ്ക തുടർച്ചയായി പല എംഎൽഎമാരും നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമാണ്. അതിലേറ്റവും പ്രധാനം ഇ എസ് ബിജിമോൾ എംഎൽഎ 2019 ജൂണിൽ ഇതുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യമാണ്. എന്തെല്ലാമാണ് മരംമുറിക്കാനുള്ള ചട്ടം? ആർക്കാണ് മരം മുറിക്കാൻ അനുമതി നൽകുന്നത് എന്നിങ്ങനെ, മരംമുറിക്ക് പൂർണമായ അനുമതി നൽകുകയാണോ? അനധികൃത മരംമുറി തടയാൻ പറ്റുമോ എന്നിങ്ങനെ ചോദ്യങ്ങളുന്നയിച്ചിട്ടുണ്ട്.
ഇതിന് മറുപടിയായിട്ടാണ്, 2019 ജൂലൈ 18, സെപ്റ്റംബർ 3 തീയതികളിൽ രണ്ട് മന്ത്രിമാരും പങ്കെടുത്ത യോഗങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നുവെന്ന് ബന്ധപ്പെട്ട വകുപ്പുകൾ വ്യക്തമാക്കുന്നത്. ഈ യോഗങ്ങളിൽ വനം, റവന്യൂ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തിട്ടുണ്ട്. ഈ യോഗങ്ങളിലാണ്, എല്ലാ മരങ്ങളുടെയും ഉടമസ്ഥത പട്ടയ ഉടമയ്ക്ക് നൽകാൻ തീരുമാനമായത്. അതവർക്ക് വേണമെങ്കിൽ മുറിച്ച് മാറ്റാമെന്നും ഉത്തരവിൽ പറയുന്നുണ്ട്.