സ്വർണക്കടത്ത്; സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം


കൊച്ചി: സ്വർണക്കടത്തുമായി ബന്ധപ്പെട്ട വിവാദത്തിൽ‍ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐ. കടലാസ് പദ്ധതികളുമായി വരുന്ന മാരീചരന്‍മാരെ ഇടതുപക്ഷം തിരിച്ചറിയണമെന്ന് പാർ‍ട്ടി മുഖപത്രമായ ജനയുഗത്തിൽ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു എഴുതിയ ലേഖനത്തിൽ പറയുന്നു. കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണമെന്നും ലേഖനത്തിൽ പറയുന്നുണ്ട്.

വ്യവസായ വികസനത്തിന്റെ പേരിലും സന്പദ്ഘടനാ വളർച്ചയ്ക്കുമെന്ന പേരിലും ഐ.ടി സഹായത്താൽ വെറും കടലാസ് പ്രൊജക്റ്റുകളുമായി ഭരണതലങ്ങളിൽ സ്വാധീനിക്കാനും സർക്കാർ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചരന്‍മാരെ ഇടതുപക്ഷം അധികാരത്തിലിരിക്കുന്പോൾ തിരിച്ചറിയണമെന്ന് പാർ‍ട്ടി മുഖപത്രത്തിലെ ലേഖനത്തിൽ പ്രകാശ് ബാബു പറയുന്നു. ടെണ്ടർ ഇല്ലാതെ കോടികളുടെ കരാർ നേടി, അത് മറിച്ചുകൊടുക്കുന്ന സംഭവങ്ങൾ വരെ ഉണ്ടാകുന്നുവെന്നും, ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുക എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിൽ വിമർശനമുണ്ട്. മന്ത്രി കെ.ടി. ജലീലിനെതിരെയും പ്രകാശ് ബാബു ഒളിയന്പ് എയ്യുന്നുണ്ട്. ചിലർ ചട്ടം ലംഘിച്ച് വിദേശ കോൺ‍സുലേറ്റുമായി ബന്ധപ്പെട്ടത് അന്വേഷിക്കണമെന്നാണ് ജലീലിനെ ലാക്കാക്കി പ്രകാശ് ബാബു എഴുതുന്നത്.

സർക്കാരിന്റെയും സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെയും ഉന്നത ശ്രേണികളിൽ ഇരുന്നുകൊണ്ട് രാജ്യദ്രോഹ കുറ്റങ്ങൾക്ക് പ്രത്യക്ഷമായോ പരോക്ഷമായോ സംരക്ഷണം നൽ‍കുകയോ ചെയ്തിട്ടുള്ള ഒരാളും, അവർ‍ എത്ര ഉന്നതരായാലും നിയമത്തിന്റെ പഴുതുകളിൽ കൂടി പോലും രക്ഷപ്പെടാൻ പാടില്ലെന്നും ലേഖനത്തിൽ‍ പറയുന്നുണ്ട്. സ്വർണക്കടത്ത് വിവാദത്തിൽ മുഖ്യമന്ത്രിയുടെ എല്ലാ നിലപാടുകൾക്കും നിരുപാധിക പിന്തുണ നൽകാൻ തങ്ങളില്ലെന്ന സൂചനയാണ് ലേഖനത്തിലൂടെ സിപിഐ നൽ‍കുന്നത്.

You might also like

Most Viewed