പാഠപുസ്തക വിതരണം; രണ്ടാം ഭാഗം ഒരാഴ്ചയ്ക്കകം

തൃശ്ശൂർ: സ്‌കൂൾ അദ്ധ്യയന വർഷത്തിലെ രണ്ടാം പാദത്തിലെ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗത്തിന്റെ വിതരണം ഒരാഴ്ചയ്ക്കകം നടത്തുമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. അച്ചടിയിൽ സൊസൈറ്റിക്ക് വന്ന കാലതാമസമാണ് പുസ്തകം നേരത്തേ ലഭിക്കുന്നതിനെ ബാധിച്ചതെന്നും പുസ്തക വിതരണത്തിന്റെ എഴുപത് ശതമാനവും പൂർത്തിയായതായി ഉപഡയറക്ടർ കെ. സുമതി പറഞ്ഞു. സംസ്ഥാനത്ത് പാഠപുസ്തകങ്ങൾ ഈ അധ്യയനവർഷം മുതൽ മൂന്നുഭാഗങ്ങളായാണ് സ്‌കൂളിലെത്തുന്നത്. ആദ്യഭാഗം സ്‌കൂൾ തുറക്കുന്നതിനുമുന്പും രണ്ടും മൂന്നും വോള്യങ്ങൾ യഥാക്രമം ഓണം, ക്രിസ്മസ് പരീക്ഷകൾക്കുശേഷവുമാണ് നൽകുന്നത്.
ബാലാവകാശ കമ്മിഷന്റെ നിർദ്ദേശപ്രകാരം പാഠപുസ്തകങ്ങളുടെ ഭാരം ലഘൂകരിക്കാനാണ് അവ മൂന്നുഭാഗങ്ങളായി നൽകാൻ തീരുമാനിച്ചത്. ഉള്ളടക്കത്തിന്റെ ഘടനയനുസരിച്ച് സംസ്‌കൃതം, അറബി തുടങ്ങിയ വിഷയങ്ങൾ ഒറ്റവോള്യത്തിലും ഭാഷാവിഷയങ്ങൾ രണ്ടുവോള്യങ്ങളിലുമായുമാണ് നൽകുന്നത്. പുസ്തകങ്ങൾ ലഭിക്കാൻ വൈകിയതിനുള്ള കാരണമായി ചില സ്‌കൂളുകൾക്ക് സംഭവിച്ച പിഴവും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. പുസ്തകങ്ങളാവശ്യപ്പെട്ട് സ്‌കൂളുകൾ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലേക്ക് നൽകിയ ഇന്റന്റിലെ പിഴവും ബന്ധപ്പെട്ട വെബ്‌സൈറ്റിലെ സാങ്കേതികപ്രശ്‌നങ്ങളും പുസ്തകങ്ങൾ വൈകിയതിനു കാരണമായി. കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റി അച്ചടിച്ച പുസ്തകങ്ങൾ അതത് ബുക്ക് ഡിപ്പോകളിൽനിന്നാണ് സ്‌കൂളുകൾ കൈപ്പറ്റേണ്ടത്. ഹൈസ്‌കൂൾ വിഭാഗത്തിനും അഞ്ച്, ആറ് ക്ലാസുകൾക്കുമുള്ള പുസ്തകങ്ങൾ ഇതിനകം കൊടുത്തുകഴിഞ്ഞു. എൽ.പി., യു.പി വിഭാഗത്തിലെ ഒന്ന്, രണ്ട്, മൂന്ന്, നാല്, ഏഴ് ക്ലാസുകാർക്കുള്ള പുസ്തകങ്ങളാണ് മുഴുവനും കിട്ടാനുള്ളത്.
അതേസമയം രണ്ടാം ഘട്ട പാഠപുസ്തക വിതരണം അവതാളത്തിലായതിൽ പ്രതിഷേധിച്ച് കോഴിക്കോട് ഡി.ഡി.ഇ ഓഫീസ് ഉപരോധിച്ച എം.എസ്.എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഡി.ഡി.ഇ ഓഫീസിൽ ജനാധിപത്യ രീതിയിൽ സമരം ചെയ്ത വിദ്യാർത്ഥി നേതാക്കളെയും പ്രവർത്തകരെയുമാണ് പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കിയത്.
അതിനിടെ കാസർഗോഡ് ജില്ലയിലെ വിവിധ എ.ഇ.ഒ ഓഫീസിലേക്കും ഇന്ന് മാർച്ച് നടത്തിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാർത്ഥി വഞ്ചനക്കെതിരെ എം.എസ്എ.ഫ് സമരം ശക്തമാക്കുമെന്നും നാളെ വിവിധ ഡി.ഡി.ഇ ഓഫീസിലേക്ക് എം.എസ്എ.ഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ ജന സെക്രട്ടറി എം.പി നവാസ് എന്നിവർ അറിയിച്ചു.