വിഴിഞ്ഞം കരാർ പരിശോധിക്കേണ്ടതിന് പ്രത്യേക സംവിധാനമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം കരാറില്‍ വന്‍ ക്രമക്കേടുണ്ടെന്ന സി.എ.ജി റിപ്പോർട്ട് അതീവ ഗൗരവകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കരാർ ഗൌരവമായി പരിശോധിക്കേണ്ടതിന് പ്രത്യേക സംവിധാനമുണ്ടാക്കും. കരാര്‍ സംബന്ധിച്ച് സി.എ.ജി റിപ്പോർട്ടിലെ കണ്ടെത്തലുകൾ സൂക്ഷ്മമായി പരിശോധിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
വിഴിഞ്ഞം കരാർ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സി.എ.ജി റിപ്പോര്‍ട്ട് ഇന്നലെയാണ് നിയമസഭയുടെ മേശപ്പുറത്ത് വെച്ചത്. നിലവിലെ കരാർ പദ്ധതി നടത്തിപ്പുകാരായ അദാനിക്ക് വൻനേട്ടം ഉണ്ടാക്കുന്നതാണ്.
വിഴിഞ്ഞം കരാറില്‍ വീഴ്ച്ച ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കരാര്‍ സംബന്ധിച്ച് സമഗ്ര പരിശോധന നടത്തണമെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരനും ആവശ്യപ്പെട്ടു. അതേസമയം കരാര്‍ സംബന്ധിച്ച് തര്‍ക്കമുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.
അവ്യക്തവും നിഗൂഢവുമായ തുറമുഖ കരാർ പൊളിച്ചെഴുതണമെന്നും, കരാറിലെ കോഴയുടെ കോടികൾ എത്രയെന്ന് പുറത്തു കൊണ്ടുവരണമെന്നും നേരത്തെ വി.എസ് അച്യുതാനന്ദന്‍ നിയമസഭയില്‍ ആവശ്യപ്പെട്ടിരുന്നു.