ഒരിടവേളയ്ക്ക് ശേഷം ലോകത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു


ന്യൂഡൽഹി: ഒരിടവേളയ്ക്ക് ശേഷം ലോകത്ത് വീണ്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. വാക്‌സിനിലൂടെയും മറ്റും ലോകം സാധാരണനിലയിലേക്ക് മടങ്ങാൻ തുടങ്ങുകയായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി റഷ്യ, യു കെ, ചൈന, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് യുകെയിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. 2,83,756 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. രോഗികളുടെ എണ്ണത്തിൽ പതിനാല് ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തൊട്ടുപിന്നിൽ റഷ്യയാണ്. 2,17,322 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. കേസുകൾ പതിനഞ്ച് ശതമാനത്തോളമാണ് കൂടിയത്. റഷ്യയിൽ കൊവിഡ് മരണങ്ങളും കുത്തനെ ഉയരുകയാണ്.

ജൂലൈ 17ന് ശേഷം ആദ്യമായിട്ടാണ് യുകെയിൽ 50,000ത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തത്. ഡെൽറ്റ പ്ലസ് വകഭേദമാണ് കൊവിഡ് കേസുകൾ കുത്തനെ ഉയരാൻ കാരണമെന്നാണ് യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ പറയുന്നത്.

സിംഗപ്പൂരിൽ വ്യാഴാഴ്ച 3,439 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ 1,613 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 346 പേർ ഗുരുതരാവസ്ഥയിലാണ്. ചൈനയിലും രോഗവ്യാപനം വീണ്ടും രൂക്ഷമാകുകയാണ്. കേസുകൾ കൂടിയതോടെ സ്‌കൂളുകൾ അടയ്ക്കാനും, നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കാനും സർക്കാർ നിർബന്ധിതരായിരിക്കുകയാണ്.

You might also like

Most Viewed