ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം കോവിഡ് വാക്‌സിനുകൾ നൽകി ഇന്ത്യ

ധാക്ക: ബംഗ്ലാദേശ് സൈന്യത്തിന് ഒരു ലക്ഷം കോവിഡ് വാക്‌സിനുകൾ നൽകി ഇന്ത്യ. ബംഗ്ലാദേശ് സന്ദർശനത്തിനിടെ കരസേന മേധാവി എം.എം നരവനെയാണ് ബംഗ്ലാദേശ് സൈനിക മേധാവി ജനറൽ അസീസ് അഹമ്മദിന് വാക്‌സിൻ നൽകിയത്. ഇന്ത്യയുടെ സംഭാവനയ്ക്ക് ബംഗ്ലാദേശ് നന്ദി അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബംഗ്ലാദേശ് സന്ദർശനത്തിന് പിന്നാലെയാണ് നരവനെ രാജ്യത്തെത്തിയത്.
സന്ദർശനത്തിൽ ഇരു രാജ്യങ്ങളിലെയും സായുധ സേനകൾ തമ്മിലുള്ള മികച്ച ബന്ധത്തെക്കുറിച്ചും ഭാവിയിലെ പരസ്പര സഹകരണത്തെ സംബന്ധിച്ചുമുള്ള വിഷയങ്ങൾ ചർച്ച ചെയ്തു. ബോർഡർ റോഡ് ഓർഗനൈസേഷൻ നടപ്പാക്കൽ, ആർമി പൈലറ്റുമാരുടെ പരിശീലനം, പ്രതിരോധ വിദഗ്ധരുടെയും പരിശീലകരുടെയും കൈമാറ്റം, പരസ്പര പ്രതിരോധ സഹകരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ചാ വിഷയമായി. റോഹിംഗ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യയുടെ പിന്തുണ ജനറൽ അസീസ് അഭ്യർത്ഥിച്ചതായാണ് സൂചന.