പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം; യുഎഇയിൽ‍ 162 പേർ‍ക്ക് 1000 ദിർ‍ഹം പിഴ


പൊതുസ്ഥലങ്ങളിൽ‍ മാലിന്യങ്ങൾ‍ നിക്ഷേപിക്കുന്നവർ‍ക്കെതിരെ നിയമം കർ‍ശനമാക്കി യുഎഇ. വാഹനം ഓടിക്കുന്നതിനിടയിൽ‍ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ച 162 മോട്ടോർ‍വാഹന യാത്രക്കാർ‍ക്കെതിരെ ആയിരം ദിർ‍ഹം പിഴയും ആറു ബ്ലാക്ക് പോയന്റുകളുമാണ് ചുമത്തിയത്. 2022 ആദ്യ ആറുമാസത്തിനുള്ളിലാണ് 162 പേർ‍ വാഹനമോടിക്കുന്നതിനിടയിൽ‍ പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതായി കണ്ടെത്തിയത്. തങ്ങളുടെ വാഹനത്തിന്റെ ജനലുകൾ‍ തുറന്ന് മാലിന്യം പൊതുസ്ഥലത്ത് പലയിടങ്ങളിലായി നിക്ഷേപിക്കുകയാണ് ചെയ്തതെന്ന് അബുദാബി പൊലീസ് അറിയിച്ചു. വാഹനങ്ങളിൽ‍ നിന്നും പൊതുസ്ഥലത്ത് മാലിന്യങ്ങൾ‍ നിക്ഷേപിക്കരുതെന്ന് പൊലീസിന്റെ കർ‍ശന നിർ‍ദേശം നിലനിൽ‍ക്കെയാണ് ഇവർ‍ നിയമലംഘനം നടത്തിയത്. 

മാലിന്യങ്ങൾ‍ നിർ‍ദേശിക്കപ്പെട്ട ഇടങ്ങളിൽ‍ മാത്രമേ നിക്ഷേപിക്കാവൂ എന്ന് വാഹന ഉടമകളോട് അബുദാബി പൊലീസ് ആവർ‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ‍ ഇവർ‍ പൊലീസ് നിർ‍ദേശം പാലിക്കാതെ റോഡിലും മറ്റ് പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത് തുടരുന്ന സാഹചര്യത്തിലാണ് നിയമം കർ‍ശനമാക്കിയത്. യുഎഇയുടെ അന്തരീക്ഷ സുരക്ഷ, പൊതുആരോഗ്യം, രാജ്യത്തിന്റെ സാംസ്‌കാരികമായ രൂപം സംരക്ഷിക്കൽ‍ എന്നിവ കണക്കിലെടുത്താണ് ഇതു സംബന്ധിച്ച നിയമം കർ‍ശനമായി നടപ്പാക്കുന്നത്. ഇതോടെ ഇത്തരത്തിൽ‍ വാഹനങ്ങളിൽ‍ നിന്നും റോഡിലും പൊതുഇടങ്ങളിലും മാലിന്യം പുറന്തള്ളുന്നവരെ പിടികൂടിയാൽ‍ ആയിരം ദിർ‍ഹം പിഴയും ആറു ബ്ലാക്ക് പോയന്റുകളും നേരിടേണ്ടിവരും. ഇത്തരത്തിൽ‍ മാലിന്യങ്ങൾ‍ പുറത്തേക്ക് നിക്ഷേപിക്കുന്നത് സംബന്ധിച്ച് ഡ്രൈവർ‍മാർ‍ക്ക് ബോധവത്ക്കരണം നടത്തിവരികയാണ് യുഎഇ പൊലീസ്. ട്രാഫിക് നിയമങ്ങൾ‍ പാലിക്കുന്നതിലും മാലിന്യങ്ങൾ‍ വാഹനങ്ങളിൽ‍ നിന്നും പൊതുസ്ഥലത്ത് പുറന്തള്ളുന്നതിനും എതിരെയാണ് പൊലീസ് ബോധവത്ക്കരണം നടത്തുന്നത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed