യാത്രാരേഖകളിൽ കൃത്രിമം കാട്ടുന്നവരെ പിടികൂടാൻ ദുബൈ വിമാനത്താവളത്തിൽ അതിനൂതന സംവിധാനം


 

ദുബൈ : യാത്രാരേഖകളിൽ കൃത്രിമം കാണിക്കുന്നവരെ പിടികൂടാൻ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഥാപിച്ച അതിനൂതന സംവിധാനത്തിലൂടെ 2020-ൽ പിടികൂടിയത് 478 തട്ടിപ്പുകേസുകൾ. കൂടാതെ യാത്രക്കാരിൽ നിന്ന് വിവിധ രാജ്യങ്ങളുടെ വ്യാജ റെസിഡന്റ് രേഖകളും വ്യാജ ലൈസൻസുകളും കണ്ടെത്തുകയും ചെയ്തു. 1719 പാസ്പോർട്ടുകൾ പരിശോധിച്ചതിൽനിന്നാണ് ഇത്രയും കൃത്രിമത്വം കണ്ടെത്താനായത്. പാസ്പോർട്ടിലെ കൃത്യത പരിശോധിക്കാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിന്റെ (ജി.ഡി.ആർ.എഫ്.എ.) ഡോക്യുമെന്റ് എക്സാമിനേഷൻ സെന്റർ വഴിയാണ് പരിശോധന നടത്തുന്നത്. ടെർമിനൽ ഒന്നിലാണ് പ്രവർത്തനം.
കൃത്രിമ പാസ്പോർട്ടുകളും കെട്ടിച്ചമച്ച രേഖകളും കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇവിടെയുള്ളത്. യാത്രാരേഖകളിൽ എന്തെങ്കിലും സംശയം തോന്നിയാൽ 15 സെക്കൻഡിനകം അത് കണ്ടെത്താനാവുമെന്ന് ഡോക്യുമെന്റ് എക്സാമിനേഷൻ സെന്ററിന്റെ മുഖ്യ ഉപദേഷ്ടാവ് അഖീൽ അഹ്മദ് നജ്ജാർ വെളിപ്പെടുത്തി. നിയമലംഘകരുടെ പ്രവേശനം തടയുകയാണ് കേന്ദ്രത്തിന്റെ ഉദ്ദേശം. ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പ്രധാന രേഖകളും ഒറിജിനൽ പാസ്പോർട്ടുകളുടെ മാതൃകകളും കേന്ദ്രത്തിലെ ഡേറ്റാബേസിൽ ലഭ്യമാണ്. അതുകൊണ്ടുതന്നെ നിയമവിരുദ്ധമായി എത്തുന്നവരുടെ പാസ്പോർട്ടിലെ പൊരുത്തകേടുകൾ ഉടനടി കണ്ടത്താൻ കഴിയും.
വ്യാജ പാസ്പോർട്ടുകൾ തിരിച്ചറിയാൻ പ്രത്യേക പരിശീലനം ലഭിച്ച നൂറുകണക്കിന് ഉദ്യോഗസ്ഥരാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്. പിടികൂടുന്ന യാത്രക്കാരുടെ കേസുകൾ പലപ്പോഴും വ്യത്യസ്തമായിരിക്കും. സുരക്ഷാ അധികാരികളെ തെറ്റിദ്ധരിപ്പിച്ച് പാസ്പോർട്ടിൽ ചിലർ മാറ്റങ്ങൾ വരുത്തുന്നു. പാസ്പോർട്ട് ഇഷ്യു ചെയ്തിട്ടുള്ള യഥാർഥ പേജ് നീക്കം ചെയ്ത് പുതിയ പേജ് ഉൾപ്പെടുത്തുന്നവരുണ്ട്. ചിലർ ഫോട്ടോയിലും പേജിലും അതിലെ വാക്കുകളിൽ മാറ്റം വരുത്തിയുള്ള ധാരാളം കേസുകളാണ് കഴിഞ്ഞ കാലയളവിൽ റിപ്പോർട്ട് ചെയ്തത്. പാസ്പോർട്ടിന്റെ യഥാർഥ ഉടമയല്ലാതെ മറ്റൊരാൾ ഒരു കാരണവശാലും അത് ഉപയേഗിക്കാൻ പാടുള്ളതല്ല. ആൾമാറാട്ടം നടത്താൻ പാടില്ലെന്നും അൽ നജ്ജാർ വിശദീകരിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed