ഇന്ത്യയിൽ ഏറ്റവും കൂടിയ ദിവസ വേതനം കേരളത്തിൽ, 837 രൂപ; മന്ത്രി വി ശിവൻകുട്ടി

രാജ്യത്തെ തൊഴിലാളികൾക്ക് ഏറ്റവും കൂടിയ ദിവസ വേതനം നൽകുന്ന സംസ്ഥാനം കേരളമാണെന്ന് റിസർവ് ബാങ്കിന്റെ കണക്കുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. റിസർവ്വ് ബാങ്ക് പുറത്തിറക്കിയ ഹാൻഡ് ബുക്കിലാണ് ഈ കണക്കുകളുള്ളതെന്ന് മന്ത്രി പറഞ്ഞു. 'നിർമ്മാണ മേഖലയിൽ ഏറ്റവും കുറവ് കൂലിയുള്ള ത്രിപുര, മധ്യപ്രദേശ് സംസ്ഥാനങ്ങളെക്കാൾ മൂന്നിരട്ടിയിൽ അധികം വേതനമാണ് കേരളം നിർമ്മാണ തൊഴിലാളികൾക്ക് നൽകുന്നത്. കേരളത്തിൽ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളിക്ക് ശരാശരി പ്രതിദിനം 837.30 രൂപ ലഭിക്കുമ്പോൾ ത്രിപുരയിൽ 250 രൂപയും മധ്യപ്രദേശിൽ 267 രൂപയും ഗുജറാത്തിൽ 296 രൂപയും മഹാരാഷ്ട്രയിൽ 362 രൂപയും ആണെന്ന് റിസർവ് ബാങ്ക് കണക്കുകൾ വ്യക്തമാക്കുന്നു. ജമ്മു കശ്മീർ: 519 രൂപ, തമിഴ്‌നാട്: 478 രൂപ, ഹിമാചൽ പ്രദേശ്: 462 രൂപ, ഹരിയാന: 420, ആന്ധ്രപ്രദേശ്: 409 രൂപ.'
കാർഷിക മേഖലയിലും മറ്റു മേഖലകളിലും സ്ഥിതി വ്യത്യസ്തമല്ല. ഈ മേഖലകളിലും കേരളം തന്നെയാണ് പ്രഥമശ്രേണിയിൽ. ദേശീയ ശരാശരിയെക്കാൾ ഏറെ മുകളിലാണ് ദിവസ വേതന കാര്യത്തിൽ കേരളത്തിന്റെ സ്ഥാനം. തൊഴിലാളി സൗഹൃദ സംസ്ഥാനമാണ് കേരളം എന്നതിനുള്ള അംഗീകാരമാണ് ഈ കണക്കുകളെന്നും 59 തൊഴിൽ മേഖലകളിൽ മിനിമം കൂലി നടപ്പാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളമെന്നും മന്ത്രി ചൂണ്ടിക്കാണിച്ചു.
fghfghj