ഒന്പത് കുട്ടികൾ മരിക്കാനിടയായ സംഭവം: ബി.ജെ.പി നേതാവ് കീഴടങ്ങി

മുസാഫർപൂർ: സ്കൂൾ വിട്ട് വരികയായിരുന്ന കുട്ടികൾക്കിടയിലേയ്ക്ക് നിയന്ത്രണം വിട്ട് ജീപ്പ് പാഞ്ഞുകയറി ഒന്പത് കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ ബി.ജെ.പി നേതാവ് കീഴടങ്ങി. മുസാഫർ നഗറിലെ ബി.ജെ.പിയുടെ നേതാവായ മനോജ് ബൈത്തയാണ് പൊലീസിൽ കീഴടങ്ങിയത്.
ഇയാളുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടമുണ്ടാക്കിയത്. അപകടസമയത്ത് വാഹനമോടിച്ചത് മനോജ് ബൈത്തയാണെന്നും സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ബൈത്തക്കും ഡ്രൈവർക്കുമെതിരെയാണ് കേസെടുത്തിട്ടുള്ളത്. അപകടത്തെ തുടർന്ന് ബൈത്ത ഒളിവിലായിരുന്നു.
ശനിയാഴ്ച പകൽ ഒന്നരയോടെയായിരുന്നു അപകടം. മിനാപുർ ജില്ലയിലെ അഹിയാപുർജാപാ ഏരിയയിലെ ഗവ. മിഡിൽ സ്കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് സ്കൂൾ വിട്ടതോടെ വീട്ടിലേക്ക് മടങ്ങാൻ വിദ്യാർത്ഥികൾ കൂടിനിൽക്കുന്നതിനിടയിലേക്ക് അമിതവേഗത്തിൽ വന്ന ബൊലെറോ ജീപ്പ് പാഞ്ഞുകയറുകയായിരുന്നു. സംഭവത്തിൽ 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ച കുട്ടികളുടെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.