സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത : മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് ഹൈക്കോടതി


ന്യൂഡൽഹി : കേന്ദ്ര ടെക്‌സ്‌റ്റൈല്‍സ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിവാദങ്ങള്‍ വീണ്ടും. സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച മുഴുവന്‍ രേഖകളും ഉടന്‍ ഹാജരാക്കണമെന്നാണ് ഡൽഹി ഹൈക്കോടതിയുടെ നിര്‍ദേശം.

തെരഞ്ഞെടുപ്പില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് പരസ്പരവിരുദ്ധമായ സത്യവാങ്മൂലമാണ് സമര്‍പ്പിച്ചതെന്ന് ആരോപിച്ച് അഹമ്മദ് ഖാന്‍ എന്നയാള്‍ കീഴ്‌കോടതിയില്‍ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്. തെരഞ്ഞെടുപ്പുകളില്‍ ഹാജരാക്കിയ മൂന്ന് സത്യവാങ്മൂലത്തിലും വ്യത്യസ്ത ബിരുദ സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയിരിക്കുന്നതെന്നാണ് ഹര്‍ജിക്കാരന്‍ ആരോപിച്ചിരിക്കുന്നത്.

2004ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ 1996ല്‍ ദില്ലി സര്‍വകലാശാലയില്‍ (സ്‌കൂള്‍ ഓഫ് കറസ്പോണ്ടന്‍സ്) നിന്ന് ബിഎ ബിരുദം കരസ്ഥമാക്കിയെന്നാണ് സ്മൃതി സൂചിപ്പിച്ചിരുന്നത്. എന്നാല്‍ 2011 ജൂലൈ 11ന് ഗുജറാത്തില്‍ നിന്ന് രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ദില്ലി സര്‍വകലാശാലയില്‍ (സ്‌കൂള്‍ ഓഫ് കറസ്പോണ്ടന്‍സ്) നിന്ന് ബികോം പാര്‍ട്ട് ഒന്ന് യോഗ്യത നേടിയതായാണ് പറയുന്നത്. 2014 ഏപ്രിലില്‍ നടന്ന നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ദില്ലി സര്‍വകലാശാലയില്‍ (സ്‌കൂള്‍ ഓഫ് ഓപ്പണ്‍ ലേണിങ്) നിന്ന് ബികോം പാര്‍ട്ട് ഒന്ന് യോഗ്യത നേടിയെന്നാണ് സ്മൃതി സൂചിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ സ്മൃതി ഇറാനിയെ അനാവശ്യമായി ഉപദ്രവിക്കുകയാണെന്നാരോപിച്ച് കീഴ്‌കോടതി ഹര്‍ജി തള്ളിയിരുന്നു. മാത്രമല്ല തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഹര്‍ജി സമര്‍പ്പിക്കാന്‍ നീണ്ട വര്‍ഷങ്ങളെടുത്തു എന്നതിനെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അഹമ്മദ് ഖാന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി സ്വീകരിച്ച ദില്ലി ഹൈക്കോടതി സ്മൃതി ഇറാനിയോട് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച മുഴുവന്‍ രേഖകളും സമ്മര്‍പ്പിക്കാന്‍ ഉത്തരവിടുകയായിരുന്നു. തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ സ്മൃതി ഇറാനിക്ക് തക്കതായ ശിക്ഷ നല്‍കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

You might also like

Most Viewed