സംസ്ഥാനങ്ങൾ ഇന്ന് അരലക്ഷം കോടി കടമെടുക്കും; കേരളം എടുക്കുക 3742 കോടി രൂപ


കേരളം ഉള്‍പ്പെടെ 17 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കടപ്പത്ര ലേലത്തിലൂടെ 50206 കോടി രൂപ ഇന്ന് കടമെടുക്കും. കേരളം കടമെടുക്കുന്നത് 3742 കോടി രൂപയാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനാൽ കേരളത്തിന് ഈ കടമെടുപ്പ് ആശ്വാസമാകും.

ഇത് ആദ്യമായാണ് ഒരാഴ്ച ഇത്രയും തുക കടപ്പത്രങ്ങള്‍വഴി കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സമാഹരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ കേന്ദ്ര സര്‍ക്കാര്‍ 39,000 കോടി രൂപ കടപ്പത്രങ്ങള്‍ വഴി സമാഹരിച്ചതാണ് ഇതുവരെയുള്ളതിൽ ഏറ്റവും വലിയ തുക.

കടമെടുപ്പിലൂടെ ഏറ്റവും കൂടുതല്‍ തുക സമാഹരിക്കുന്നത് ഉത്തര്‍പ്രദേശാണ്. ഇന്ന് 8,000 കോടി രൂപയാണ് ഉത്തർപ്രദേശ് കടമെടുക്കുക. തൊട്ടുപിന്നിലുളളത് കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ്. 6000 കോടി രൂപ വീതമാണ് ഈ മൂന്നു സംസ്ഥാനങ്ങള്‍ കടമെടുക്കുക. പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് നൂറു കോടി രൂപ കടമെടുക്കുന്ന ഗോവയാണ്. കടമെടുക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങള്‍ ഉണ്ട് എന്നതിനാൽ കടപ്പത്രം വാങ്ങുന്നവര്‍ക്ക് നേട്ടമുണ്ടാകും.

സുപ്രീംകോടതി നിര്‍ദേശിച്ചതിനെത്തുടർന്ന് 13,608 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രസർക്കാർ അനുമതി നല്‍കിയിരുന്നു. ഇതില്‍ 8,742 കോടിയെടുക്കാൻ അന്തിമ അനുമതി കിട്ടി. കഴിഞ്ഞ ആഴ്ച 5,000 കോടി കടമെടുക്കുകയും ചെയ്തു. ശേഷിക്കുന്ന 3742 കോടി രൂപയാണ് ഇന്ന് കടമെടുക്കുന്നത്. ഊര്‍ജമേഖല പരിഷ്കരണത്തിന്റെ ഭാഗമായി 4864 കോടി രൂപ കടമെടുക്കാനുള്ള അനുമതിയും കേരളത്തിന് ഉടന്‍ ലഭിക്കും. അടുത്ത ചൊവ്വാഴ്ച്ചയാണ് ഈ സാമ്പത്തിക വര്‍ഷത്തെ അവസാന കടമെടുപ്പ് നടക്കുക.

article-image

ADSADSADSADSADS

You might also like

Most Viewed