മധു­വി­ന്‍റെ­ കൊ­ലപാ­തകം : ഹൈ­ക്കോ­ടതി­ സ്വമേ­ധയാ­ കേ­സെ­ടു­ത്തു­


പാലക്കാട് : അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ (35) ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. വിഷയത്തിൽ കോടതിയെ സഹായിക്കാൻഅമിക്കസ്ക്യൂറിയെ ഹൈക്കോടതി നിയോഗിച്ചു. അന്വേഷണത്തിൽ സർക്കാർ മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. 15 ദിവസത്തിനകം മറുപടി നൽകാമെന്ന് സർക്കാർ അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു.

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ. സുരേന്ദ്രമോഹൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി കേസെടുത്തത്. ചീഫ് ജസ്റ്റിസ് നിർദ്ദേശം നൽകിയത് കൊണ്ടാണ് ഹൈക്കോടതി സ്വമേധയാ പൊതുതാൽപര്യ ഹർജിയായി പരിഗണിച്ചത്.

ജസ്റ്റിസ് കെ. സുരേന്ദ്രമോഹന്റെ കത്തിൽ സാക്ഷര കേരളത്തിന് നാണക്കേടുണ്ടാക്കിയ  സംഭവമെന്നാണ് വിലയിരുത്തുന്നത്. വിശപ്പ് കാരണം മധുവിനു ഭക്ഷണം മോഷ്ടിക്കേണ്ടി വന്നെങ്കിൽ അത് വ്യക്തമാക്കുന്നത് ആദിവാസി ക്ഷേമ പദ്ധതികളുടെ പരാജയമാണ്. പദ്ധതിയുടെ പ്രയോജനം അതിന്റെ ഗുണഭോക്താക്കൾക്ക് ലഭിക്കുന്ന വിധത്തിൽ മാറ്റം വരുത്തണം. സമൂഹത്തിന്റെ മനഃസാക്ഷിയെ വേദനിപ്പിക്കുന്ന ഇത്തരം സംഭവങ്ങളിൽ തിരുത്തൽ നടപടികൾക്കായി കോടതി ഇടപെടണം.

വിദ്യാസന്പന്നരായ ജനതയ്ക്കു യോജ്യമായ പ്രവർത്തിയല്ല നടന്നത്. അരിയും ഭക്ഷണവസ്തുക്കളും ചെറിയ തോതിൽ മോഷണം നടത്തിയെന്ന് ആരോപിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയെന്നാണ് മനസിലാക്കുന്നത്. ഇത് ആദിവാസികളെ സമൂഹം കാണുന്നതിന്റെ അടയാളമാണ്. പോലീസിനും സംഭവത്തിൽ വീഴ്ച്ച പറ്റി. കോടതി വിഷയത്തിൽ ഇടപെടണമെന്നും കത്തിൽ പറയുന്നു.

You might also like

Most Viewed