ആറ് ലക്ഷം രൂപയുടെ കറുപ്പുമായി യുവാവ് പിടിയിൽ

തൃശ്ശൂർ: ആറ് ലക്ഷം രൂപ വിലവരുന്ന കറുപ്പുമായി യുവാവ് പിടിയിൽ. എടമുട്ടം പുളിഞ്ചോട് ചൂണ്ടയിൽ പ്രാൺ എന്ന് വിളിക്കുന്ന ജിനേഷി(30)നെയാണ് കൊടുങ്ങല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ചെന്ത്രാപ്പിന്നിയിൽ നിന്ന് പതിനഞ്ച് ഗ്രാം കഞ്ചാവുമായി പിടിയിലായ എടത്തിരുത്തി പുളിഞ്ചോട് പുതിയവീട്ടിൽ മുഹമ്മദ്‌റാഫി(34)യിൽനിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഗൂഡല്ലൂരിൽ ജോലി ചെയ്തിരുന്നപ്പോൾ പരിചയപ്പെട്ട ഒരാളിൽ നിന്നും വിപണിയിൽ ആറ് ലക്ഷം രൂപ വിലവരുന്ന കറുപ്പ് അറുപതിനായിരം രൂപയ്ക്ക് വാങ്ങിയ മറ്റൊരാൾക്ക് മൂന്ന് ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിച്ച് വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ജിനേഷ് പിടിയിലായത്. ഉദുമൽപ്പേട്ട്, കന്പം എന്നിവിടങ്ങളിൽ നിന്നും കിലോയ്ക്ക് ഏഴായിരം രൂപ വിലയ്ക്ക് വാങ്ങുന്ന കഞ്ചാവ് 15,000 രൂപ നിരക്കിൽ തീരദേശത്ത് വിൽപ്പന നടത്തിയിട്ടുള്ളതായി ഇയാൾ സമ്മതിച്ചതായി എക്‌സൈസ് പറഞ്ഞു. ക്വട്ടേഷൻ, ക്രിമിനൽ സംഘങ്ങൾക്കാണ് ഇയാൾ ലഹരി പദാർത്ഥങ്ങൾ വിൽപ്പന നടത്തിയിരുന്നത്. എടമുട്ടം, കാട്ടൂർ, ചെന്താപ്പിന്നി എന്നീ ഭാഗങ്ങളിലുള്ള നിരവധി വിദ്യാർത്ഥികളും ഇയാളുടെ വലയിൽപ്പെട്ടിട്ടുള്ളതായി എക്‌സൈസ് സംശയിക്കുന്നു. പിടിച്ചെടുത്ത കറുപ്പിന്റെ ഉറവിടം കണ്ടെത്താൻ എക്‌സൈസ് അേന്വഷണം ആരംഭിച്ചിട്ടുണ്ട്.