കമ്പ്യൂട്ടർ‍ മൗസിലും ലൈറ്റ് സ്വിച്ചിലുമടക്കം കുരങ്ങുവസൂരി വൈറസ് ദിവസങ്ങളോളം നിലനിൽ‍ക്കുമെന്ന് പഠനം


കുരങ്ങ് വസൂരി വൈറസ് കമ്പ്യൂട്ടർ‍ ഉൾ‍പ്പെടെയുള്ള ഉപകരണങ്ങളിൽ‍ ദിവസങ്ങളോളം നിലനിൽ‍ക്കുമെന്ന് പഠനങ്ങൾ‍. ഈ പഠനത്തിനായി കുരങ്ങുവസൂരി ബാധിച്ച രണ്ട് വ്യക്തികളെ ഒരു വീടിനുളളിൽ‍ താമസിപ്പിച്ചാണ് പഠനം നടത്തിയത്. രണ്ടുപേരും ഉപയോഗിക്കുന്ന ഉപകരണങ്ങളും പ്രതലങ്ങളും പതിവായി അണുവിമുക്തമാക്കുകയും ചെയ്തു. ദിവസവും അണുനശീകരണം നടത്തിയിട്ടും രോഗലക്ഷണങ്ങൾ‍ തുടങ്ങി 20 ദിവസത്തിന് ശേഷവും പല വസ്തുക്കളിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായി. യുഎസ് ഡിസീസ് കണ്‍ട്രോൾ‍ ബോഡി സിഡിസിയാണ് ഗവേഷണം നടത്തിയത്.

രോഗികൾ‍ ഉപയോഗിച്ച കട്ടിലുകൾ‍, പുതപ്പുകൾ‍, കോഫി മെഷീൻ, കമ്പ്യൂട്ടർ‍ മൗസ്, ലൈറ്റ് സ്വിച്ച് തുടങ്ങിയ പ്രതലങ്ങളിലാണ് വൈറസ് സാന്നിധ്യം ദിവസങ്ങൾ‍ക്ക് ശേഷവും കണ്ടെത്താനായത്. അതേസമയം വൈറസ് ഇത്തരത്തിൽ‍ നിലനിൽ‍ക്കുന്നുണ്ടെങ്കിലും പടരാനുള്ള രോഗസാധ്യത വളരെ കുറവാണെന്നാണ് ഗവേഷണം.

പഠനത്തിന്റെ ഭാഗമായി കുരങ്ങുവസൂരി ബാധിച്ചയാളുടെ വീട് സന്ദർ‍ശിക്കുന്നവർ‍ക്കായി ചില നിർ‍ദേശങ്ങൾ‍ യുഎസ് ഡിസീസ് കണ്‍ട്രോൾ‍ ബോഡി മുന്നോട്ടുവച്ചു. കൃത്യമായി മാസ്‌ക് ധരിക്കണം, മലിനമായ പ്രതലങ്ങളിൽ‍ സ്പർ‍ശിക്കുന്നത് ഒഴിവാക്കുക, കൈകൾ‍ ശുചിത്വം പാലിക്കുക, ഭക്ഷണ പാത്രങ്ങൾ‍, വസ്ത്രങ്ങൾ‍, കിടക്കകൾ‍ എന്നിവ പങ്കിടുന്നത് ഒഴിവാക്കുക ഇവയൊക്കെയായിരുന്നു നിർ‍ദേശങ്ങൾ‍.

92 രാജ്യങ്ങളിൽ‍ നിന്നായി 35,000ലധികം കുരങ്ങുവസൂരി കേസുകൾ‍ നിലവിൽ‍ റിപ്പോർ‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞയാഴ്ച 7,500 ഓളംകേസുകൾ‍ രജിസ്റ്റർ‍ ചെയ്തു. കേസുകളിൽ‍ 20 ശതമാനം വർ‍ധനവുണ്ടായെന്നാണ് ലോകാരോഗ്യ സംഘടന കണക്കുകൾ‍.

മൃഗങ്ങളിൽ‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് കുരങ്ങുവസൂരി. തീവ്രത കുറവാണെങ്കിലും 1980ൽ‍ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർ‍ത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി കുരങ്ങുവസൂരിയുടെ ലക്ഷണങ്ങൾ‍ക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ‍ രോഗം സ്ഥിരീകരിച്ചത്. 1970ൽ‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ‍ 9 വയസുള്ള ആണ്‍കുട്ടിയിലാണ് മനുഷ്യരിൽ‍ കുരങ്ങ്‌വസൂരി ആദ്യമായി കണ്ടെത്തിയത്.

രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ‍ എന്നിവ വഴി നേരിട്ടുള്ള സമ്പർ‍ക്കത്തിലൂടെ മൃഗങ്ങളിൽ‍ നിന്ന് മനുഷ്യരിലേക്ക് കുരങ്ങുവസൂരി പകരാം. അണ്ണാന്‍, എലികൾ‍, വിവിധ ഇനം കുരങ്ങുകൾ‍ എന്നിവയുൾ‍പ്പെടെ നിരവധി മൃഗങ്ങളിൽ‍ ഇതിന്റെ വൈറസ് അണുബാധയുടെ തെളിവുകൾ‍ കണ്ടെത്തിയിട്ടുണ്ട്. വനമേഖലയിലോ സമീപത്തോ താമസിക്കുന്ന ആളുകൾ‍ക്ക് രോഗബാധിതരായ മൃഗങ്ങളുമായുള്ള സമ്പർ‍ക്കമുണ്ടായാൽ‍ രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്.

You might also like

Most Viewed