കൊവിഡിന്റെ രണ്ടാം തരംഗത്തിൽ അസമിലെ 18 വയസ്സിൽ താഴെയുള്ള 34,066 കുട്ടികളിൽ കൊവിഡ് ബാധ


ഗുവാഹത്തി: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ അസമിലെ 18 വയസ്സിൽ താഴെയുള്ള 34,066 കുട്ടികളിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ദേശീയ ആരോഗ്യ മിഷൻ ഡയറക്ടർ ഡോ. ലക്ഷ്മണൻ എസ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഈ വർഷം ഏപ്രിൽ മാസത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളിൽ 12 ശതമാനമാണ് ഈ കണക്ക്. അഞ്ച് വയസ്സിന് താഴെയുള്ള 5755 കുട്ടികൾക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. അവശേഷിക്കുന്ന 28,851 പേർ ആറിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവരാണ്. 34066 കുട്ടികളിൽ 34 പേർക്ക് മറ്റ് അസുഖങ്ങളുള്ളവരാണെന്നും ഒരു പ്രമുഖ മാധ്യമം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

ഹൃദയസംബന്ധിയായ അസുഖങ്ങൾ, വൃക്കരോഗം, അപൂർവ്വ വൈകല്യങ്ങൾ എന്നീ രോഗങ്ങളുള്ളവരാണ് ഇവരിൽ കൂടുതൽ. കാമരൂപ് മെട്രോയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ളത്. 5346 കുട്ടികളിൽ ഇവിടെ രോഗബാധ കണ്ടെത്തി. ജില്ലയിലെ ആകെ രോഗബാധിതരുടെ 10.04 ശതമാനം വരുമിത്. ദിബ്രുഗഡ് ജില്ലയിൽ 2430, നാഗോൺ ജില്ലയിൽ 2288, സോണിത്പൂർ ജില്ലയിൽ 1839, എന്നിങ്ങനെയാണ് കുട്ടികളിലെ കൊറോണ വൈറസ് ബാധ. മറ്റ് ജില്ലകളിലും കുട്ടികളിൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പോസിറ്റീവ് സ്ഥിരീകരിച്ച മാതാപിതാക്കൾക്കൊപ്പമോ വീട്ടിലെ മറ്റംഗങ്ങൾക്കൊപ്പമോ താമസിക്കുന്ന നിരവധി കുട്ടികൾക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിക്കുന്നതായി എൻഎച്ച്എം ഡയറക്ടർ വ്യക്തമാക്കി. അതിനാൽ കൊവിഡ് ബാധിച്ച മുതിർന്നവർ ഹോം ക്വാറന്റൈന് പകരം ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ പോകേണ്ടതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനത്തെ കൊവിഡ് ബാധയെ പ്രതിരോധിക്കാൻ ഡോക്ടർമാർ, നഴ്സുമാർ, ആരോഗ്യപ്രവർത്തകർ തുടങ്ങി 5000ത്തിലധികം പേർ സജ്ജരാണെന്ന് എൻഎച്ച്എം ഡയറക്ടർ വ്യക്തമാക്കി.

You might also like

Most Viewed