കണ്ണൂ­ീർ...


മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് പറഞ്ഞത് മഹാനായ കാൾ മാർക്സാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പു മാത്രമല്ല. എന്നാലത് ചിലപ്പോഴെങ്കിലും അങ്ങനെ ആകാറുമുണ്ട്. മതം എന്ന സംഞ്ജയ്ക്ക് അർത്ഥം അഭിപ്രായം എന്നാണ്. ഒരേ അഭിപ്രായങ്ങളുള്ളവരാണ് വാസ്തവത്തിൽ ഒരു മതത്തിന്റെ അതിർത്തിക്കുള്ളിൽ വരുന്നത്. അത് ഒരുവന്റെ വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. വിശ്വാസാചാരങ്ങളെ സാധാരണ ദൈവങ്ങളും ആചാരങ്ങളുമായി ബന്ധപ്പെടുത്തിയാണ് നമ്മൾ ചിന്തിക്കുക. എന്നാൽ മതത്തിന് ദൈവങ്ങളുമായി ബന്ധം വേണമെന്നില്ല. മതങ്ങളുമായി ബന്ധപ്പെട്ട വിശ്വാസങ്ങൾ ലോകത്ത് ഒരുപാടൊരുപാടാണ്. ഓരോരുത്തരുടെയും ദൈവങ്ങൾ ഇതര മതസ്ഥർക്ക് നിസാരങ്ങളാവാം. ദൈവത്തെ സംബന്ധിച്ച ആശയങ്ങളാണ് അടിസ്ഥാനപരമായി വിശ്വാസത്തിന് ആധാരം. അവനവനിൽ വിശ്വസിക്കുന്നവരും നമ്മുടെ ലോകത്തുണ്ട്. അവരുടെ അഭിപ്രായങ്ങളിൽ അധിഷ്ഠിതമാണ് ആ വിശ്വാസം. ചുരുക്കത്തിൽ ദൈവത്തെക്കുറിച്ചുള്ള വിശ്വാസമോ ഏതെങ്കിലും ആശയങ്ങളിലുള്ള വിശ്വാസമോ ആണ് മതങ്ങൾക്ക് ആധാരം. അങ്ങനെ വരുന്പോൾ മതത്തെ അതിരൂക്ഷമായി വിശ്വസിച്ച മഹാനായ മാർക്സിന്റെ ആശയഗതികൾ സ‍ൃഷ്ടിച്ചതും മറ്റൊരു മതത്തെ തന്നെയാണെന്ന് കാണാം. 

മതങ്ങൾക്ക് സ്വന്തം വിശ്വാസങ്ങളും ആചാരരീതികളും വിഗ്രഹങ്ങളും ശരി തെറ്റുകളും ഒക്കെയുണ്ട്. ഇതൊക്കെയുള്ള പല രാഷ്ട്രീയ സംഘടനകളും വാസ്തവത്തിൽ മതങ്ങൾ തന്നെയാണ്. അത്തരം മതങ്ങളിൽ പെടുന്നവരും വിശ്വാസികൾ തന്നെയാണ്. അവർക്ക് വിശ്വാസം അതാത് സംഘടനകളുടെ ആശയങ്ങളും തത്വ സംഹിതകളും ആണെന്ന് മാത്രം. ഇതൊന്നും തെറ്റല്ല. പണ്ടേയ്ക്കു പണ്ടേ ഇതൊക്കെ ഇങ്ങനെയൊക്കെത്തന്നെയാണ്.

മത വിശ്വാസത്തിന് പൊതുവിലുള്ള ദോഷങ്ങളൊക്കെ ഈ സംഘടനകളിലെ അംഗങ്ങൾക്കുമുണ്ട്. ഇതിലൊന്നാണ് തന്റെ വിശ്വാസം മാത്രമാണ് ശരിയെന്ന കടും പിടുത്തം. മതങ്ങളെല്ലാം മനുഷ്യനന്മയ്ക്ക് വേണ്ടിയുള്ളതാണ്. അവയുടെയെല്ലാം ആത്യന്തികമായ ലക്ഷ്യം ലോകത്ത് സമാധാനവും സഹവർത്തിത്വവും പുലരുക എന്നതാണ്. മനുഷ്യന് വേണ്ടിയാവണം ദൈവങ്ങളും മതങ്ങളുമൊക്കെ നില കൊള്ളുന്നത്. മനുഷ്യ നന്മയ്ക്ക് വേണ്ടിത്തന്നെയാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളും പിറവികൊണ്ടത്. അവയൊക്കെ പ്രവ‍ത്തിക്കുന്നതും ആ ലക്ഷ്യങ്ങൾ മുൻ നിർത്തിയാവണം. ഇതൊക്കെ മനസ്സിലാവണമെങ്കിൽ അവയുടെയെല്ലാം സത്ത ആഴത്തിൽ അറിയാൻ ശ്രമിക്കുകയും അത് ഉൾക്കൊള്ളുകയും വേണം. 

എന്നാൽ മതങ്ങളുടെയും രാഷ്ട്രീയത്തിന്റെയും വിശ്വാസത്തിന്റെ ആദ്യപടികളിൽ നിൽക്കുന്നവർക്ക് വിശാലമായ ഈ കാഴ്ചപ്പാട് ഉണ്ടാവില്ല. സങ്കുചിത്വം ഇവരിൽ പലപ്പോഴും അസഹിഷ്ണുത സൃഷ്ടിക്കും. ഇതാണ് അക്രമങ്ങൾക്ക് വഴി െവയ്ക്കുന്നത്. ഓരോ രാഷ്ട്രീയ പാർട്ടികൾക്കും നേട്ടം കൊയ്യാൻ രക്തസാക്ഷികളും ബലിദാനികളുമൊക്കെ  അത്യാവശ്യഘടകങ്ങളാണ്. ഇവിടെ ബുദ്ധിപൂർവ്വം പെരുമാറുകയും കരുതൽ കാട്ടുകയും ചെയ്യേണ്ടത് വിശ്വാസത്തീനാളത്തിലേയ്ക്ക് ഈയാംപാറ്റകളെ പോലെ പറന്നടുത്ത് എരിഞ്ഞില്ലാതെയാകുന്ന സാധാരണക്കാരാണ്.  ഇത് യാഥാർത്ഥ്യങ്ങൾ കാണാൻ കഴിയാത്ത തരത്തിലുള്ള അന്ധവിശ്വാസം തന്നെയാണ്. അന്ധവിശ്വാസം ആപത്താണ്. നിരപരാധികളായ അമ്മമാരുടെയും മക്കളുടെയും ഭാര്യമാരുടെയും ഒടുങ്ങാത്ത കണ്ണീർ മാത്രമാണ് ഈ ബുദ്ധിശൂന്യതയുടെ ഫലം.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed