വിചാരണ പൂർത്തിയായെങ്കിൽ മഅദനിയ്ക്ക് കേരളത്തിലേയ്ക്ക് പോകാൻ അനുമതി നൽകിക്കൂടെയെന്ന് സുപ്രീം കോടതി


ബംഗളൂരു സ്ഫോടനക്കേസിലെ വിചാരണ പൂർത്തിയായെങ്കിൽ കേസിലെ പ്രതിയായ പിഡിപി ചെയർമാൻ അബ്‌ദുൾ നാസർ മഅദനിയ്ക്ക് കേരളത്തിലേയ്ക്ക് പോകാൻ അനുമതി നൽകിക്കൂടെയെന്ന് സുപ്രീം കോടതി. വിചാരണ പൂർത്തിയാക്കുകയും, ജാമ്യവ്യവസ്ഥകൾ ലംഘിക്കാതിരിക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ കേരളത്തിലേയ്ക്ക് പോകാൻ അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം അംഗീകരിക്കേണ്ടിവരുമെന്ന് സുപ്രീംകോടതി സൂചന നൽകി.

ആരോഗ്യനില മോശമാണെന്നും ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് അബ്‌ദുൾ നാസർ മഅദനി സുപ്രീംകോടതിയെ സമീപിച്ചത്. നേരത്തെ മഅദനിയ്ക്ക് ജാമ്യം അനുവദിച്ചപ്പോൾ ഒരു കാരണവശാലും ബംഗളൂരു വിടരുതെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. എന്നാൽ കേസിന്റെ വിചാരണ പൂർത്തിയായ സാഹചര്യത്തിൽ ഈ വ്യവസ്ഥയിൽ ഇളവ് അനുവദിക്കണമെന്ന് മഅദനിയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ കപിൽ സിബലും  ഹാരീസ് ബീരാനും സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. വിചാരണ പൂർത്തിയായത് സംബന്ധിച്ച കോടതി രേഖകൾ ഇരുവരും സുപ്രീംകോടതിയ്ക്ക് കെെമാറി. 2021ൽ മഅദനി നൽകിയ സമാന ആവശ്യം കോടതി തള്ളിയിരുന്നു. വിചാരണ പൂർത്തിയായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അത്.

ജാമ്യവ്യവസ്ഥ മഅദനി ഇതുവരെ ലംഘിച്ചിട്ടുണ്ടോ എന്ന് ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് കർണാടക സർക്കാരിനോട് ആരാഞ്ഞു. കർശന വ്യവസ്ഥകളായിരുന്നു സുപ്രീം കോടതി മുന്നോട്ട് വച്ചതെന്നും അതിനാൽ ലംഘനം ഉണ്ടായിട്ടില്ലെന്നും കർണാടക സർക്കാരിനുവേണ്ടി ഹാജരായ അഭിഭാഷകൻ സുപ്രീംകോടതിയിൽ അഭിപ്രായപ്പെട്ടു. തുടർന്ന് മഅദനി ഉൾപ്പെട്ട കേസിന്റെ വിചാരണ പൂർത്തിയായോ, ജാമ്യ വ്യവസ്ഥയിൽ ലംഘനം ഉണ്ടായോ എന്നീ വിഷയങ്ങളിൽ രേഖാമൂലം നിലപാട് അറിയിക്കാൻ കോടതി കർണാടക സർക്കാരിനോട് നിർദേശിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന കർണാടക സർക്കാറിന്റെ ആവശ്യവും സുപ്രീം കോടതി അംഗീകരിച്ചു. ഹർജി ഏപ്രിൽ 13ലേയ്ക്ക് മാറ്റി.

article-image

wseydy

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed