അവധി നൽകിയില്ല; മലയാളി ജവാൻ നിറയൊഴിച്ചു ജീവനൊടുക്കി


ഉത്തർപ്രദേശിൽ കണ്ണൂർ സ്വദേശിയായ സിആർപിഎഫ് ജവാൻ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. കണ്ണൂർ സൗത്ത് ബസാർ ഗോകുലം സ്ട്രീറ്റിലെ (എരുമത്തെരു) എം.എൻ. ഹൗസിൽ ദാസൻ−രുക്മണി ദന്പതികളുടെ മകൻ എം.എൻ. വിപിൻദാസ് (37) ആണ് ഡ്യൂട്ടിക്കുപയോഗിക്കുന്ന തോക്കുപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കൈത്തോക്ക് ഉപയോഗിച്ചു തലയിലേക്ക് സ്വയം വെടിവയ്ക്കുകയായിരുന്നു. മേലധികാരികളുടെ പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും ആരോപണമുണ്ട്. പുതുതായി നിർമിക്കുന്ന വീടിന്‍റെ കുറ്റിയടിക്കൽ കർമം അടുത്താഴ്ച നടക്കാനിരിക്കെയാണ് മരണം.

വീടിന്‍റെ കുറ്റിയടിക്കൽ കർമത്തിനു പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകിയപ്പോൾ മേലധികാരികൾ ഇതു പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കൾ പറഞ്ഞു. അവധി ലഭിക്കാത്തതിനെത്തുടർന്നുള്ള വിഷമം വിപിൻ ഇവരുമായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണവിവരം നാട്ടിലെത്തുന്നത്. 2005−ലാണ് വിപിൻ സിആർപിഎഫിൽ ചേർന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കീർത്തനയാണ് ഭാര്യ. ഒരു കുട്ടിയുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed