എൽഐസിയുടെ ഇഷ്യൂ പ്രൈസ് 949 രൂപയായി നിശ്ചയിച്ച് കേന്ദ്രം

ലൈഫ് ഇൻഷൂറൻസ് കോർപറേഷന്‍ ഓഫ് ഇന്ത്യയുടെ ഇഷ്യൂ പ്രൈസ് 949 രൂപയായി നിശ്ചയിച്ച് കേന്ദ്ര സർക്കാർ. ഐപിഒ പ്രൈസ് ബാൻഡിലെ ഉയർന്ന തുകയാണ് ഇത്. 902−949 രൂപ നിരക്കിലായിരുന്നു എൽഐസി ഐപിഒയുടെ പ്രൈസ് ബാൻഡ്. എൽഐസി പോളിസ് ഉടമകൾക്ക് 60 രൂപ കിഴിവിൽ 889 രൂപയ്ക്ക് ഓഹരികൾ ലഭിക്കും. 45 രൂപ കിഴിവിൽ 904 രൂപയ്ക്ക് ആണ് എൽഐസി ജീവനക്കാർക്കും റീട്ടെയിൽ നിക്ഷേപകർക്ക് ഓഹരികൾ അനുവദിക്കുക. ഓഹരി വിൽപ്പനയിലൂടെ 20,557 കോടി രൂപയാണ് സർക്കാരിന് ലഭിക്കുക. ഇഷ്യൂ വില നിശ്ചയിച്ച പശ്ചാത്തലത്തിൽ എത്ര രൂപയ്ക്ക് ഓഹരികൾ ലിസ്റ്റ് ചെയ്യും എന്ന ആകാംഷയിലാണ് നിക്ഷേപകർ.മെയ് 17ന് ആണ് എൽഐസി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആയിരുന്നു എൽഐസിയുടേത്. 2.95 തവണയാണ് എൽഐസി ഐപിഒ സബ്‌സ്‌ക്രൈബ് ചെയ്തത്. ഈ വർഷം ഇതുവരെ നടന്ന ഐപിഒകളിൽ ആഗോള തലത്തിൽ ആദ്യ അഞ്ചിലും എൽഐസി ഇടം നേടി. 10.8 ബില്യൺ ഡോളർ സമാഹരിച്ച എൽജി എനെർജി സൊല്യൂഷൻസ് ആണ് ഒന്നാമത്. ദുബായി ഇലക്ട്രിസിറ്റി &വാട്ടർ (6.1 ബിൽയണ്‍ ഡോളർ), സിഎൻഒഒസി ( 5.1 ബില്യൺ ഡോളർ) എന്നിവയക്ക് പുറകിൽ നാലാമതാണ് എൽഐസി (ഉയർന്ന പ്രൈസ് ബാൻഡിൽ 2.7 ബില്യൺ ഡോളർ).