മുൻ കാമുകിയെയും സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയ ബഹ്‌റൈൻ പൗരനും സുഹൃത്തിനും മൂന്ന് വർഷം തടവ്


പ്രദീപ് പുറവങ്കര

മനാമ: മുൻ കാമുകിയെയും അവരുടെ പുതിയ സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും പണം കവരുകയും ചെയ്ത കേസിൽ ബഹ്‌റൈൻ പൗരനും സുഹൃത്തിനും മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ചു. ഹൈക്കോടതിയാണ് രണ്ട് പ്രതികളെയും കുറ്റക്കാരായി കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോകൽ, കൊള്ളയടിക്കൽ, മർദ്ദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.

പ്രതിയായ ബഹ്‌റൈൻ പൗരനും റഷ്യൻ യുവതിയും തമ്മിൽ നേരത്തെ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ അടുത്തിടെ ഇവർ പിരിഞ്ഞതായും കോടതിയിൽ വ്യക്തമായി. യുവതിയുമായുള്ള ബന്ധം തകർന്നതിലെ വൈരാഗ്യവും അന്ധമായ പ്രണയവുമാണ് കുറ്റകൃത്യത്തിലേക്ക് നയിച്ചതെന്ന് പ്രതി സമ്മതിച്ചു. യുവതിയുടെ പുതിയ സുഹൃത്തായ 42 കാരനായ ബംഗ്ലാദേശി ഡ്രൈവറെയാണ് പ്രതികൾ ആദ്യം തട്ടിക്കൊണ്ടുപോയത്. 'സംസാരിക്കാനുണ്ട്' എന്ന് പറഞ്ഞ് വിളിച്ചുവരുത്തി ബ്ലാക്ക് ജി.എം.സി കാറിൽ കയറ്റുകയും, സഹായിക്കാൻ ശ്രമിച്ച സഹപ്രവർത്തകനെ മർദ്ദിക്കുകയും ചെയ്തു.

തുടർന്ന് ബംഗ്ലാദേശി യുവാവിന്റെ ഫോൺ വാങ്ങി റഷ്യൻ യുവതിയുടെ ലൊക്കേഷൻ ചോദിച്ചുവരുത്തുകയായിരുന്നു. കാറിലെത്തിയ യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികൾ അവരെ ബലമായി കാറിലേക്ക് പിടിച്ചുകയറ്റി. പ്രതിയുടെ ഹമദ് ടൗണിലെ വീട്ടിലെത്തിച്ച യുവതിയെ ക്രൂരമായി മർദ്ദിച്ചു. തനിക്ക് അവളോട് അടങ്ങാത്ത പ്രണയമുണ്ടായിരുന്നതുകൊണ്ടാണ് ഉപദ്രവിച്ചതെന്ന വിചിത്രമായ മൊഴിയാണ് പ്രതി നൽകിയത്. എന്നാൽ ബംഗ്ലാദേശി പൗരൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് നടത്തിയ നീക്കത്തിൽ പ്രതിയുടെ വീട്ടിൽ നിന്ന് യുവതിയെ രക്ഷപ്പെടുത്തുകയായിരുന്നു. ഹമദ് ടൗണിലെ വീട്ടിലെത്തിയ പോലീസ് വാതിൽ തുറക്കാത്തതിനെ തുടർന്ന് സിവിൽ ഡിഫൻസിന്റെ സഹായത്തോടെയാണ് അകത്തുപ്രവേശിച്ച് യുവതിയെ മോചിപ്പിച്ചത്.

മറ്റൊരു പ്രതിയായ കൂട്ടാളി സഞ്ചരിച്ച കാറിന്റെ നമ്പർ പ്ലേറ്റ് പേപ്പർ ഒട്ടിച്ച് മറച്ചിരുന്നുവെങ്കിലും പെട്രോൾ പമ്പിൽ വെച്ച് പേപ്പർ ഇളകി വീണത് സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു. പിന്നീട് വാഹനം വഴിയിൽ തകരാറിലായതിനെ തുടർന്ന് പ്രതി തന്നെയാണ് സഹായത്തിനായി 999-ൽ വിളിച്ചത്. തുടർന്ന് പോലീസ് നൽകിയ സർക്കുലറിന്റെ അടിസ്ഥാനത്തിൽ ഇയാളെയും പിടികൂടുകയായിരുന്നു.

#4PMNews #BahrainNews #KidnappingCase #HighCriminalCourt

article-image

cxcxccxzcx

You might also like

  • Lulu Exchange
  • Straight Forward

Most Viewed