ചരിത്രം കുറിച്ച് ജലീല അൽ സയ്യിദ്; ബഹ്‌റൈൻ പാർലമെന്റിന്റെ ആദ്യ വനിതാ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ പാർലമെന്ററി ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് എം.പി. ജലീല അൽ സയ്യിദ്. പാർലമെന്റിന്റെ ആദ്യ വനിതാ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടാണ് അവർ ചരിത്രം സൃഷ്ടിച്ചത്. ഒഴിവുവന്ന തസ്തികയിലേക്ക് നടന്ന മത്സരത്തിൽ 21 വോട്ടുകൾ നേടിയാണ് ജലീല അൽ സയ്യിദ് മികച്ച വിജയം കരസ്ഥമാക്കിയത്.
മത്സരരംഗത്തുണ്ടായിരുന്ന ബസീമ മുബാറക്കിന് അഞ്ച് വോട്ടും അബ്ദുള്ള അൽ റൊമൈഹിക്ക് എട്ട് വോട്ടും ലഭിച്ചു. 2018 മുതൽ 2022 വരെ പാർലമെന്റിന്റെ ആദ്യ വനിതാ സ്പീക്കറായി സേവനമനുഷ്ഠിച്ച ഫൗസിയ സൈനലിന് ശേഷം, രാജ്യത്തെ പാർലമെന്ററി നേതൃത്വത്തിൽ വനിതാ പ്രാതിനിധ്യത്തിന്റെ മറ്റൊരു പ്രധാന നാഴികക്കല്ലായാണ് ഈ തെരഞ്ഞെടുപ്പ് വിലയിരുത്തപ്പെടുന്നത്.
മുൻ ഫസ്റ്റ് ഡെപ്യൂട്ടി സ്പീക്കർ അബ്ദുൽനബി സൽമാൻ ഉൾപ്പെടെ മൂന്ന് എം.പിമാരുടെ അംഗത്വം റദ്ദാക്കിയതിനെത്തുടർന്ന് മേയ് മാസത്തിലാണ് ഈ പദവി ഒഴിവുവന്നത്. 35 വോട്ടർമാരിൽ രണ്ടുപേർ ഒഴികെ ബാക്കിയുള്ളവർ വോട്ടെടുപ്പിൽ പങ്കെടുത്തു.
സാമൂഹിക സുരക്ഷ, ഡോക്ടർമാരുടെ ഇൻഷുറൻസ് വിഷയങ്ങൾ, ഭക്ഷ്യ-ജല സുരക്ഷ, വൈദ്യുതി-പെട്രോൾ വിലകൾ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങളിൽ പുനഃപരിശോധനയും നിർണായക ഇടപെടലുകളും നടത്തുമെന്ന് തെരഞ്ഞെടുപ്പിനു ശേഷം സംസാരിക്കവെ അവർ വ്യക്തമാക്കി. ഹിസ് മജസ്റ്റി കിങ് ഹമദ് പാർലമെന്റിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗം മുന്നോട്ടുവെച്ച വഴികാട്ടലിന് അനുസൃതമായി സാമ്പത്തിക സുസ്ഥിരതയ്ക്കും ദേശീയ സുരക്ഷയ്ക്കും മുൻഗണന നൽകി പ്രവർത്തിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
adsadsads

