ഓടരുതമ്മാവാ ആളറിയാം!


അദൃശ്യൻ

കേരള മഹാരാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ അംഗബലം കാണിച്ചിരുന്നത് മുന്പൊക്കെ ബിരിയാണിപ്പൊതികൾ നൽകി ആളെ കൂട്ടിയായിരുന്നെങ്കിൽ ഇന്നത് ഓട്ടമത്സരം നടത്തി വിജയികളെ കണ്ടെത്തിയാണ്. കായികബലം ഉണ്ടെങ്കിലല്ലേ തടി രക്ഷപ്പെടുത്താൻ കഴിയു!. ഓട്ടമത്സരത്തിനിടയിൽ പുരോഗമന ചിന്തകൾക്കൊപ്പമോടാനൊന്നും ഇവിടെ ആർക്കും സമയമില്ല. സമയമുള്ളോർക്ക് നേരവുമില്ല. ഉള്ളനേരം ഏതെങ്കിലും ഒരു ആചാരം അകത്താക്കി ഇച്ചിരി പഴയതാണെങ്കിലും രാവണന്റെ കയ്യിലുണ്ടായിരുന്ന ഇരുപത് വിമാനങ്ങളിൽ ഒരെണ്ണം വാടകയ്ക്കെടുത്ത് അതിൽ കയറി രക്ഷപ്പെടാം എന്നല്ലാതെ!!

മഹാരാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ അംഗബല പരീക്ഷണത്തിന്റെ ഭാഗമായി ആഴ്ചയിലാഴ്ചയിൽ കൂടിയാലോചിച്ച് ഹർത്താലുകൾ നടത്തി അവരുടെ ‘ആചാരം’ സംരക്ഷിക്കുകയാണല്ലോ?. അതിനിടയിൽ കൂട്ടത്തല്ലുകളും കൂട്ടയോട്ടങ്ങളും സംഘടിപ്പിക്കുന്നുണ്ട്. സോഷ്യൽ മീഡിയ ജീവികളാണ് (പ്രത്യേകിച്ച് ഫേസ്ബുക്) ഈ ഓട്ടമത്സരം നിരീക്ഷിക്കുന്ന പ്രധാന ‘ഒളിന്പിക്സ് കമ്മറ്റി’. ഇന്നൊരു ഹർത്താൽ നടത്തി മടുപ്പ് തോന്നിയാൽ പിന്നെ ക്ഷീണം മാറ്റി ചുരുങ്ങിയത് ഒരാഴ്ചയെങ്കിലും കഴിയണം മറ്റൊന്ന് നടത്താൻ. ഇനി ഓരേ ദിവസം തന്നെ എല്ലാ പാർട്ടിക്കാർക്കും ഹർത്താൽ നടത്തണമെങ്കിലോ ആ സമയം അംപയറെത്തി നറുക്കിടും.

‘ചാപ്പയും കോയിയും’ തിരിച്ചാണ് നറുക്കിടൽ. നറുക്കിനവസാനം ഒരാൾക്ക് ഹർത്താൽ നടത്താൻ സമ്മതം ലഭിക്കും (സമ്മതം ആര് എവിടുന്ന് എങ്ങനെ നൽകുന്നു എന്നൊന്നും ചോദിക്കരുത്). നറുക്ക് വീഴാത്ത മറ്റുള്ളവർ ദിനങ്ങൾക്ക് യോജിക്കുന്ന നിറങ്ങളുടെ പേരു നൽകി ഓരോരോ ദിനങ്ങൾ ആചരിക്കും. ഈ ഹർത്താൽ തന്നെ ഒരു അനാചാരമാണെന്ന് മനസ്സിലാക്കാൻ നവോത്ഥാന ചിന്തകൾക്ക് പുറത്തും അകത്തും നിന്ന് ചിന്തിക്കുന്നവർക്ക് ഇനിയും കഴിഞ്‍ഞിട്ടില്ലെന്നതാണ് ബഹുരസം. വളംവെച്ചു കൊടുക്കുന്നവർ തന്നെ തളപ്പിട്ട് കയറുന്ന തെങ്ങിൽ മണ്ധരി തേങ്ങകൾ ഉണ്ടാകുന്നത് വളത്തിന് കൊഴുപ്പു കുറഞ്ഞതു കൊണ്ടാവാൻ സാധ്യതയില്ലാലോ?!!.

ആചാരങ്ങളുടേയും അനാചാരങ്ങളുടേയും പേരിലുള്ള തർക്കങ്ങൾതാണ്ടി മല കയറിയെത്തിയ ഹർത്താലിൽ ആനവണ്ടി പഞ്ചറായതിലാണ് പ്രജകൾക്ക് ആശങ്ക. ഇനി അത് നേരെയാക്കാൻ അവരടയ്ക്കുന്ന നികുതിപ്പണം തന്നെ വേണല്ലോ എന്നോർത്ത്!. ആനവണ്ടിയുടെ വിലാപയാത്രയ്ക്കൊപ്പം ലക്ഷങ്ങൾ മൗനജാത നടത്തിയില്ലെന്നത് നിരാശാജനകമായിരുന്നു!. ആ സമയം നോക്കി കൂട്ടത്തല്ലുകളിൽ അതത് പക്ഷം ചേർന്ന് റഫറിമാർ വിജയിച്ചതായി പ്രഖ്യാപിച്ചുകൊണ്ടിരുന്നു. ഓട്ടമത്സരങ്ങളിൽ ഓടിച്ചവരും ഓടിയവരും അങ്ങോട്ടുമിങ്ങോട്ടും “ഞങ്ങളാണ് എടപ്പാൾ, ഞങ്ങളാണ് എടപ്പാൾ” എന്ന് കിതച്ച് വിളിച്ചു പറഞ്ഞു. ഓൺ യുവർ മാർക്കൊന്ന് ശ്രദ്ധിക്കപോലും ചെയ്യാതെ ഓടിയെത്തിയ, ഒട്ടും പ്രശസ്തയല്ലാതിരുന്ന എടപ്പാൾ ഹൊ ഞാനോ എന്നോർത്ത് പുളകിതനായി!!. അല്ലെങ്കിലും ഓടാനും തല്ലു കൊള്ളാനും ലവൻമാരും ‘കോളർ പൊക്കി’ നടക്കാൻ എടപ്പാളായ ഞാനും!!

ദുഷ്ടൻ, പാന്പ് ഇവയിലൊന്നിനെ സ്വീകരിക്കേണ്ടി വന്നാൽ പാന്പിനെ സ്വീകരിക്കുക എന്നാണ് ചാണക്യ സൂക്തത്തിൽ ചാണക്യൻ പറഞ്ഞിരിക്കുന്നത്. സ്വരക്ഷയ്ക്കല്ലാതെ പാന്പ് ആക്രമിക്കില്ലെന്നതാണ് അതിന് കാരണമായി അദ്ദേഹം ചൂണ്ടികാണിക്കുന്നത്. സ്വരക്ഷ പോലും മറന്ന് വടീം കുന്തോം കൊണ്ട് രക്ഷാപ്രവർത്തനത്തിന് നിരത്തിലിറങ്ങിയ ചില ‘ചാണക്യൻമാർ’ കാട്ടികൂട്ടിയ കോലാഹലങ്ങൾ കേരള മഹാരാജ്യത്തിന് കലാപ കേരളമെന്ന പേര് സന്പാദിച്ചു കൊടുത്തതല്ലാതെ മറ്റൊന്നും നൽകിയിട്ടുമില്ല. ഇത് കണ്ട് പണ്ട് അനുവാദമില്ലാതെ ഇന്നാട്ടിലെത്തി ഇവിടുള്ളോരെ അടക്കി ഭരിച്ച് തിരിച്ച് പോയ ഇംഗ്ലീഷുകാർ ഇപ്പോ നോക്കീംകണ്ടുമൊക്കെ ഇങ്ങോട്ടേയ്ക്ക് പോയാ മതീന്ന് പറഞ്ഞിട്ടുണ്ടത്രേ... എന്തായാലും ഇനിയവർ ഇവിടെ വന്ന് അടക്കി ഭരിക്കാൻ മുതിരില്ലല്ലോ, അത് തന്നെ ഭാഗ്യം!!.

ഒരു നാടിന് സൽപ്പേരും ചീത്തപ്പേരും ഉണ്ടാക്കുന്നതിൽ ഏറിയ പങ്കും ആ നാട് ഭരിക്കുന്നവർക്കായിരിക്കും. വിവേകംകൊണ്ട് സൽപ്പേരുണ്ടാകുന്പോൾ വിവേകമില്ലായ്മകൊണ്ട് ചീത്തപ്പേരുണ്ടാകുന്നു. അക്രമകാരികൾ അഴിഞ്ഞാടാൻ ഒരു തുണ്ട് ഭൂമി നോക്കിയിരിക്കുന്പോൾ അവർക്ക് എനർജിഡ്രിങ്സ് സഹിതം മൈതാനം ഒരുക്കി കൊടുക്കുന്നത് ശരിയല്ല. യുദ്ധം ഏറ്റവും അവസാനത്തെ ആലോചനയണെന്ന് ആദ്യമാലോചിക്കുന്നതാണ് യുക്തിഭദ്രം.

തീയിട്ട് പുകയ്ക്കുന്നോലും മതിലുകെട്ടി മറയ്ക്കുന്നോലും ഉന്നംവെയ്ക്കുന്നത് ഒന്ന് തന്നെ. ‘പാലം പണിയാൻ’ വന്ന ബംഗാളികളുടെ ബുദ്ധിപോലും നമ്മുടെ നാട്ടാർക്ക് ഇല്ലാതെ പോയി. റോഡരികിൽ കെട്ടുന്ന മതിലിന് മണിക്കൂറുകളാണ് ആയുസ്സെങ്കിൽ വീടുകളിലെ അതിരുകളിൽ ഉയർന്നിരിക്കുന്ന വേർതിരിവുകളുടെ മതിലുകൾക്ക് മനുഷ്യായുസ്സിനേക്കാൾ ദൈർഘ്യവും ബലവുമുണ്ട്. പുകമറ മാറ്റി ആ മതിലരികിൽ നിന്ന് തലയുയർത്തി നോക്കിയാൽ മൂക്കിൻതുന്പത്ത് ആലപ്പാട് എന്നൊരു പ്രദേശം കടലിന് തിന്നാനിട്ടുകൊടുത്തുകൊണ്ടിരിക്കുന്നത് കാണാം. സേവ് ആലപ്പാട് എന്ന് ചെണ്ടകൊട്ടി പാടൻ തുടങ്ങി മൂന്നാം പക്കമായിട്ടും മുഖ്യധാരയിൽ എത്താൻ ഇനിയും കൊട്ടേണ്ടതുണ്ടത്രേ... ശബരിമലയും പിറവം പള്ളിയും വാവര് പള്ളിയും ജനശ്രദ്ധയാകർഷിക്കുന്നതു പോലെ, ആലപ്പാടും കുടിവെള്ളമില്ലാതെ വലയുന്ന ചുറ്റൂരുൾപ്പടെയുള്ള താലൂക്കുകളും ശ്രദ്ധയാകർഷിക്കാത്തത് ജനങ്ങൾ ഇളകിമറിയുന്ന മണ്ണിൽ കലപ്പയിറക്കുന്ന രാഷ്ട്രീയ പ്രവർത്തന ശൈലി ഇവിടെ നിലനിൽക്കുന്നതുകൊണ്ട് മാത്രമാണ്.

1955ൽ‍ ലിത്തോ മാപ്പിന്റെ കണക്കനുസരിച്ച്, 89.5 സ്‌ക്വയർ‍ കിലോമീറ്റർ‍ ഉണ്ടായിരുന്ന കൊല്ലം ജില്ലയിലെ തീരദേശമായ ആലപ്പാട് പ്രദേശം കുഴിച്ച് കുഴിച്ച് വരും വർഷങ്ങളിൽ ഗൂഗിൾ മാപ്പിൽ തപ്പിയാൽ പോലും കാണാതാവുന്ന സ്ഥിതി വരുന്പോൾ ചിലപ്പോൾ പുതിയ സമരമുറയായ ‘മനുഷ്യക്കടൽ’ രൂപപ്പെട്ടേയ്ക്കാം. എണ്ണാൻ കഴിയുന്ന തിരകളുള്ള മനുഷ്യക്കടൽ അപ്പോഴും ശാന്തമായിരിക്കുമെന്നതിനാൽ ആ കടലിന്റെ ശക്തി അളക്കാൻ കഴിയുന്ന രാഷ്ട്രീയ പാർട്ടികൾക്ക് അത് കണ്ടില്ലെന്ന് നടിക്കാൻ ഈസിയാണല്ലോ?. നാട്ടിലെ ഈശ്വരൻമാരെ തുല്യമായി വീതിക്കാൻ ബദ്ധപ്പെട്ട് പണിയെടുക്കുന്നവരും വീതത്തിൽ നടുക്കഷ്ണം തങ്ങൾക്ക് വേണമെന്ന് അവകാശപ്പെടുന്നവരും ഇന്റർവെൽ സമയത്തെങ്കിലും മനുഷ്യരെകൂടെ ശ്രദ്ധിക്കാൻ സമയം കണ്ടെത്തണം. പ്രളയ കാലത്ത് രക്ഷക്കെത്തിയ ‘കേരളത്തിന്റെ സൈന്യം’ തോക്കിൽ കയറി വെടിവെച്ച് ഒച്ചയുണ്ടാക്കി പറഞ്ഞിട്ടുപോലും, അവരെ തിരിഞ്ഞു നോക്കുന്നില്ലെങ്കിൽ പുതിയ ബെഞ്ചുകളുടെ കാലുകൾ ബോംബെറിഞ്ഞ് തകർക്കപ്പെട്ടേക്കാം.

നേരോം കാലോം തെറ്റി ഹർത്താൽ നടത്തുന്നതിനെ കുറിച്ച് പറഞ്ഞ് പറഞ്ഞ് ആലപ്പാടെത്തിയപ്പോൾ 48 മണിക്കൂർ നീണ്ട പണിമുടക്കിലാണ് അകപ്പെട്ടത്. പണിമുടക്കും ഹർത്താലും തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ടെന്നൊക്കെ പറയുന്നുണ്ടെങ്കിലും ഇതെഴുതി അവസാനിപ്പിക്കുന്പോൾ പോലും കൊടിയും കയ്യിലേന്തി പണിമുടക്കികൾ ട്രെയിൻ വരെ തടയുന്നുണ്ടെന്നാണ് കേൾക്കുന്നതും കാണുന്നതും. വാലുകളും കുഴലുകളും അവരവരുടെ ഭാഗം ന്യായീകരിച്ചുകൊണ്ടേയിരിക്കും, സ്വയം നേരയാവുക അത്ര തന്നെ...

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed