ഇരട്ടകുട്ടികള്‍ക്ക് കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് പഠനം


ന്യൂയോര്‍ക്ക്: ഇരട്ടകുട്ടികള്‍ക്ക് കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് ജേണല്‍ ഓഫ് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. മറ്റു സഹോദരങ്ങളെ അപേക്ഷിച്ച് ഇരട്ടകളെയാണ് ഇത് എളുപ്പത്തില്‍ ബാധിക്കുന്നതെന്നാണ് കണ്ടെത്തല്‍. ഇതിനായി 200,000 പേരില്‍ പഠനം നടത്തുകയായിരുന്നു.

ഒരാളില്‍ കണ്ടുവരുന്ന കാന്‍സര്‍ അതുപോലെ മറ്റൊരാളില്‍ കാണണമെന്നില്ല. എന്നാല്‍ മറ്റൊരു തരത്തില്‍ ഇത് പ്രകടമാകും. സമജാത ഇരട്ടകളില്‍ മറ്റ് ഇരട്ടകളേക്കാള്‍ 14 ശതമാനം കാന്‍സര്‍ സാധ്യത കൂടുതലാണെന്ന് പറയുന്നു. ഒറ്റ സിക്താണ്ഡം പിളര്‍ന്ന് ഭ്രൂണങ്ങളായി വളരുന്നതില്‍ നിന്ന് ഒരേ ജനിതക ഘടനയോടെ വളരുന്ന കുട്ടികളാണ് സമജാത ഇരട്ടകള്‍. ഡെന്മാര്‍ക്ക്, ഫിന്‍ലന്റ്, സ്വീഡന്‍, നോര്‍വെ തുടങ്ങിയ രാജ്യങ്ങളിലെ ഇരട്ടകളുടെ ആരോഗ്യ റിപ്പോര്‍ട്ടുകള്‍ വിലയിരുത്തിയാണ് പുതിയ പഠനം നടത്തിയത്. ഇത്രയും പേരെ പരിശോധിച്ചതില്‍ മൂന്നിലൊന്നുഭാഗം പേരും കാന്‍സര്‍ ബാധിതരാണെന്ന് കണ്ടെത്തുകയായിരുന്നു.സമജാത ഇരട്ടകളില്‍ കാന്‍സര്‍ ബാധിച്ചവര്‍ 47 ശതമാനമായിരുന്നു. എന്നാല്‍ സഹജാത ഇരട്ടകളില്‍ 37 ശതമാനമാണ് കാന്‍സര്‍ സാധ്യത. ഒരാളില്‍ അസുഖം കണ്ടാല്‍ 37 ശതമാനം പേരിലും അര്‍ബുദ സാധ്യത തള്ളിക്കളയാനാകില്ല. ഇതില്‍ ഒരേ വിഭാഗത്തില്‍പ്പെട്ട കാന്‍സര്‍ തന്നെ ബാധിച്ചവരില്‍ 38 ശതമാനം സമജാത ഇരട്ടകളും വ്യത്യസ്ത തരത്തില്‍പെട്ട കാന്‍സര്‍ ബാധിച്ചവര്‍ 26 ശതമാനവുമാണ്. ഇരട്ടകളില്‍ സാധാരണയായി കണ്ടുവരുന്ന കാന്‍സറുകള്‍ തൊക്കിലുണ്ടാകുന്ന മെലനോമ (58ശതമാനം), പ്രോസ്‌റ്റേറ്റ് (57 ശതമാനം), കോശങ്ങളിലെ അര്‍ബുദം (43 ശതമാനം), അണ്ഡാശയം (39 ശതമാനം), വൃക്ക (38 ശതമാനം), സ്തനം (31 ശതമാനം), ഗര്‍ഭാശയം (27 ശതമാനം) എന്നിങ്ങിനെയാണെന്നും പഠനത്തില്‍ പറയുന്നു.

You might also like

Most Viewed