എയർ ഇന്ത്യക്ക് പിന്നാലെ പവൻ ഹാൻസും സ്വകാര്യമേഖലയ്ക്ക്

നഷ്ടത്തിൽ പ്രവർത്തിക്കുന്നു എന്ന പേരിൽ ഏവിയേഷൻ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു പൊതുമേഖല സ്ഥാപനം കൂടി സ്വകാര്യവത്കരിക്കരിക്കുന്നു. ഹെലികോപ്റ്റർ സേവന ദാതാവായ പവൻ ഹാൻസ് ലിമിറ്റഡിനെ സ്വകാര്യ വത്കരണത്തിനാണ് നടപടികൾ പുരോഗമിക്കുന്നത്. കേന്ദ്ര സർക്കാറിന്റെ കൈവശമുള്ള കന്പനിയുടെ ഓഹരികൾ സ്വകാര്യ കന്പനിയായ സ്റ്റാർ 9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡിന് കൈമാറും. കേന്ദ്രസർക്കാരിന്റെയും ഒഎൻജിസിയുടെയും സംയുക്ത സംരംഭമാണ് പവൻ ഹാൻസ് ലിമിറ്റഡ്.
പവൻ ഹാൻസ് ലിമിറ്റഡിലെ (പിഎച്ച്എൽ) കേന്ദ്രസർക്കാരിന്റെ 51 ശതമാനം ഓഹരിപങ്കാളിത്തം സ്റ്റാർ 9 മൊബിലിറ്റി ഏറ്റെടുക്കുമെന്നു കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു. 211.14 കോടി രൂപയുടേതാണ് ഇടപാട്. ലേലം വിജയിക്കുന്ന സ്വകാര്യ കന്പനിക്ക് കേന്ദ്രസർക്കാർ നൽകുന്ന അതേ വിലയ്ക്ക് തങ്ങളുടെ ഓഹരികളും വിൽക്കുമെന്നാണ് ഒഎൻജിസിയും നേരത്തെ പ്രഖ്യാപിച്ചിച്ചിരുന്നു. ഇതോടെ എയർ ഇന്ത്യക്ക് പിന്നാലെ പവൻ ഹാൻസും പൂർണ്ണമായി സ്വകാര്യ മേഖലയിലേക്ക് മാറുന്ന നിലയുണ്ടാവും.
എം/എസ് ബിഗ് ചാർട്ടർ പ്രൈവറ്റ് ലിമിറ്റഡ്, എം/എസ് മഹാരാജ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്, എം/എസ് അൽമാസ് ഗ്ലോബൽ ഓപ്പർച്യുണിറ്റി ഫണ്ട് എസ്പിസി എന്നിവയുടെ കൺസോർഷ്യമായ എം/എസ് സ്റ്റാർ 9 മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. ഉഡാൻ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഫ്‌ലൈബിഗ് എയർലൈന്‍ ഉടമകളാണ് മുംബൈ ആസ്ഥാനമായുള്ള ബിഗ് ചാർട്ടർ പ്രൈവറ്റ് ലിമിറ്റഡ്. ഹെലികോപ്റ്റർ ചാർട്ടർ കന്പനിയാണ് ഡൽഹി ആസ്ഥാനമായുള്ള മഹാരാജ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കന്പനിയാണ് അൽമാസ് ഗ്ലോബൽ ഓപ്പച്യുണിറ്റി ഫണ്ട്.