റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡിൽ സോളാർ പ്ലാന്റ് കമ്മീഷൻ ചെയ്തു

ബഹ്റൈനിലെ പ്രമുഖ സർവ്വകലാശാലയായ റോയൽ കോളജ് ഓഫ് സർജൻസ് ഇൻ അയർലൻഡിൽ− സോളാർ പ്ലാന്റ് കമ്മീഷൻ ചെയ്തു. ആർ.സി.എസ്.ഐയിൽ സോളാർ സംരംഭം ആരംഭിക്കുന്നതോടെ രാജ്യത്തെ കാർബൺ എമിഷൻ 2000 മെട്രിക് ടണ്ണിലധികം കുറയുമെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ഹുമൈദാൻ പറഞ്ഞു. പ്രതിവർഷം 3.664 ദശലക്ഷം കിലോവാട്ട് ഉൽപാദനശേഷിയുള്ളതാണ് പ്ലാന്റ്. 2.72 മെഗാവാട്ട് സോളാർ പദ്ധതിയുടെ ഭാഗമായി 4993 സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാർഥികൾക്കും ജീവനക്കാർക്കും സന്ദർശകർക്കുംവേണ്ടി മേൽക്കൂരയുള്ള 681 കാർ പാർക്കുകളും പദ്ധതിയുടെ ഭാഗമായി സജ്ജമാക്കി. ഈ കാർപാർക്കിങ് ഷെഡുകൾക്കു മുകളിലാണ് സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നത്. പ്രോജക്ടിലെ സോളാർ പാനലുകൾക്ക് 25 മുതൽ 30 വർഷം വരെ ആയുസ്സുണ്ട്. വരുംവർഷങ്ങളിൽ പദ്ധതി വിപുലീകരിക്കുമെന്ന് ആർ.സി.എസ്.ഐ മാനേജിങ് ഡയറക്ടർ ഹാരിസൺ മിർഫീൽഡ് പറഞ്ഞു.
ഉദ്ഘാടന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദുഐജ് ആൽ ഖലീഫ, മുഹറഖ് ഡെപ്യൂട്ടി ഗവർണർ ബ്രിഗേഡിയർ അബ്ദുല്ല ഖലീഫ അൽ ജീരാൻ, ലോകാരോഗ്യ സംഘടന പ്രതിനിധി ഡോ. തസ്നിം അത്ര, സർവകലാശാല ബോർഡ് ഓഫ് ഗവർണേഴ്സ് പ്രതിനിധികൾ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, വിദ്യാർഥികൾ, സ്റ്റാഫ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.