ഇറാനിയൻ ആക്രമണങ്ങളിലെ നാശനഷ്ടങ്ങൾ രേഖപ്പെടുത്തി ബഹ്‌റൈൻ; അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്ന് സർക്കാർ
പ്രദീപ് പുറവങ്കര
മനാമ: ഇറാനിയൻ ആക്രമണങ്ങൾ മൂലം രാജ്യത്തുണ്ടായ ഭൗതികവും സാമ്പത്തികവുമായ നാശനഷ്ടങ്ങൾ ബഹ്‌റൈൻ ഔദ്യോഗികമായി രേഖപ്പെടുത്തിവരുന്നതായി സർക്കാർ വ്യക്തമാക്കി. ഉചിതമായ നിയമപരവും നയതന്ത്രപരവുമായ നടപടികൾ സ്വീകരിക്കുന്നതിനും, ബാധിതരായവർക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുന്നതിനുമാണ് ഈ നടപടിയെന്ന് പാർലമെന്റ്, ശൂറ കൗൺസിൽ കാര്യ മന്ത്രി ഘാനിം അൽ ബുനൈൻ അറിയിച്ചു. ആക്രമണ ബാധിത മേഖലകളിലെ നേരിട്ടുള്ളതും അല്ലാത്തതുമായ സാമ്പത്തിക ആഘാതങ്ങൾ വിലയിരുത്തുന്നതിന് ഫിനാൻസ് ആൻഡ് നാഷണൽ ഇക്കോണമി മന്ത്രാലയത്തെ കാബിനറ്റ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ദേശീയ അവകാശങ്ങളും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനായി ഭരണഘടനാപരവും നിയമപരവും നയതന്ത്രപരവുമായ ചട്ടക്കൂടുകൾക്കുള്ളിൽ നിന്ന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് സർക്കാർ വ്യക്തമാക്കി.
ഇതിനുപുറമെ, പ്രാദേശിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈൻ ദേശീയ ദുരന്തനിവാരണ പദ്ധതി സജീവമാക്കിയിട്ടുണ്ട്. സുരക്ഷാ സജ്ജീകരണങ്ങൾ വർദ്ധിപ്പിക്കുക, ഷെൽട്ടറുകൾ ഒരുക്കുക, ഭക്ഷണം, മരുന്ന് എന്നിവയുടെ ലഭ്യത ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങൾ ഇതിന്റെ ഭാഗമായി നടപ്പിലാക്കുന്നുണ്ട്. സമാനമായി, ദുരന്തങ്ങളിൽ വീടുകൾ പൂർണ്ണമായി തകർന്നുപോകുന്ന താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് സാമൂഹിക വികസന മന്ത്രാലയം 2,000 ദീനാർ വരെ അടിയന്തര സഹായം നൽകിവരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
dfsdfsdfsd

