കർണാടകയിലെ ആദ്യ ഫ്ളോട്ടിങ് പാലം ഉദ്ഘാടനത്തിന് പിന്നാലെ തകർന്നു


കർണാടകയിലെ ആദ്യ ഫ്ളോട്ടിങ് പാലം ഉദ്ഘാടനം കഴിഞ്ഞ് നാലാംനാൾ തകർന്നു. ഉഡുപ്പി മൽപെ ബീച്ചിൽ കഴിഞ്ഞ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്ത പാലമാണ് തിരയിൽ തട്ടി തകർന്നത്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തിൽ രണ്ടാഴ്ചത്തേക്കായിരുന്നു പാലം തുറന്നത്. എന്നാൽ, പാലം തകർന്നതല്ല പരീക്ഷണ ഉപയോഗം കഴിഞ്ഞ് അഴിച്ചിട്ടതാണെന്നാണ് കരാറുകാരന്‍റെ വിശദീകരണം. കടലിലെ തിരമാലകൾക്കു മീതെ പൊങ്ങിക്കിടക്കുന്ന പാലം (ഫ്ളോട്ടിങ് പാലം) ഉഡുപ്പി എം.എൽ.എ രഘുപതി ഭട്ട് ആണ് ഉദ്ഘാടനം ചെയ്തത്. 

നൂറു മീറ്റർ നീളത്തിലും മൂന്നര മീറ്റർ വീതിയിലുമാണ് പാലം സജ്ജീകരിച്ചിരുന്നത്. 80 ലക്ഷം രൂപയാണ് ചെലവ്. രണ്ടാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലും കാലവർഷത്തിനുശേഷം സ്ഥിരമായും തുറക്കുമെന്നാണ് അറിയിച്ചിരുന്നത്.  

വെള്ളിയാഴ്ച തന്നെ ഒട്ടേറെ പേർ പാലത്തിലൂടെ കടൽക്കാഴ്ച കാണാനെത്തി. ശനി, ഞായർ ദിവസങ്ങളിലും സഞ്ചാരികളെത്തി. തിങ്കളാഴ്ച നേരം പുലർന്നപ്പോഴാണ് പാലം തകർന്ന കാഴ്ച തീരദേശവാസികൾ കണ്ടത്. പാലത്തിന്റെ ഭാഗങ്ങൾ കടലിൽ ഒഴുകിയും തീരത്തടിഞ്ഞും കിടക്കുന്ന നിലയിലയായിരുന്നു. 

സഞ്ചാരികൾ ആരുമില്ലാത്ത സമയമായതിന്‍റെ ആശ്വാസത്തിലാണ് നാട്ടുകാർ. പാലം തകർന്നതല്ല പരീക്ഷണ ഉപയോഗം കഴിഞ്ഞ് അഴിച്ചിട്ടതാണെന്ന് കരാറുകാരൻ സുധേഷ് ഷെട്ടി മാധ്യമങ്ങളോട് പറഞ്ഞു. മേയ് 20വരെ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കാമെന്ന് പറഞ്ഞിരിക്കെ നാലാംനാൾ അഴിച്ചിട്ടതെന്തിനെന്ന ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed