പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കിയതിൽ വീഴ്ച; പഞ്ചാബ് ഡിജിപിയെ പുറത്താക്കി


പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പ്രതിഷേധക്കാർ തടഞ്ഞ സംഭവത്തിൽ പഞ്ചാബ് ഡിജിപി സിദ്ധാർഥ് ചതോപാധ്യായയെ പുറത്താക്കി. പഞ്ചാബിന്റെ പുതിയ ഡിജിപിയായി വിരേഷ് കുമാർ ഭാവ്രയെ നിയമിച്ചു. റിപ്പബ്ലിക് ടി.വി ആണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ഇന്ന് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് ചതോപാധ്യായയ്ക്ക് കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചിരുന്നു. ഇല്ലെങ്കിൽ‍ ചട്ടപ്രകാരം നടപടിയുണ്ടാകുമെന്നായിരുന്നു അറിയിപ്പ്.

മുഖ്യമന്ത്രി ചന്നിയുടെയും മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെയും എതിർപ്പുകൾ അവഗണിച്ച് സിദ്ധുവിന്റെ നിർബന്ധപ്രകാരമാണ് ഡിജിപി സിദ്ധാർഥ് ചതോപാധ്യായയെ ചട്ടങ്ങൾ മറികടന്നു നിയമിച്ചത് എന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നു. പ്രധാനമന്ത്രിയെ വഴിയിൽ തടഞ്ഞ സംഭവം ഗുരുതരമായ സുരക്ഷാവീഴചയാണെന്ന വിലയിരുത്തലുള്ളപ്പോൾ തന്നെ സംഭവത്തിൽ ദുർബല വകുപ്പുകൾ ചുമത്തിയാണ് പഞ്ചാബ് പോലീസ് കേസെടുത്തത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം കാരണം കാണിക്കൽ നോട്ടീസ് നൽകിയതും പിന്നാലെ നടപടി ഉണ്ടായതും.

ഇതിനിടെ പ്രധാനമന്ത്രിയുടെ സുരക്ഷയിലുണ്ടായ വീഴ്ചയിൽ‍ സുപ്രീംകോടതി ഇടപെട്ടിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർ‍ശനവുമായി ബന്ധപ്പെട്ട രേഖകൾ‍ ശേഖരിച്ച് സൂക്ഷിക്കാന്‍ പഞ്ചാബ്ഹരിയാന ഹൈക്കോടതി റജിസ്ട്രാർ‍ ജനറലിനോട് കോടതി നിർ‍ദേശിച്ചു. സുരക്ഷാ വീഴ്ചയിൽ‍ സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കുന്നതിൽ‍ തിങ്കളാഴ്ച വാദം കേൾ‍ക്കും. കേന്ദ്രസർ‍ക്കാരും പഞ്ചാബ് സർ‍ക്കാരും പ്രഖ്യാപിച്ച അന്വേഷണം അതുവരെ നിർ‍ത്തിവയ്ക്കാൻ കോടതി നിർ‍ദേശിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed