പ്ലസ്ടു പരീക്ഷ സ്‌കൂളുകളിൽ‍ നിന്ന് നേരിട്ട് നടത്താനുള്ള ഒരുക്കവുമായി കുവൈറ്റ്


കുവൈറ്റ് സിറ്റി: അക്കാദമിക വർ‍ഷം അന്ത്യത്തോട് അടുക്കവെ, പ്ലസ്ടു പരീക്ഷ സ്‌കൂളുകളിൽ‍ നിന്ന് നേരിട്ട് നടത്താനുള്ള ഒരുക്കവുമായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ‍ കഴിഞ്ഞ മാസം സ്‌കൂളുകളിൽ‍ നടത്തിയ പരിശോധനകളിൽ‍ എല്ലാ സ്‌കൂളുകളും നേരിട്ടുള്ള പരീക്ഷയ്ക്കായി സജ്ജമായിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു. തുടർ‍ന്ന് പ്ലസ്ടു പരീക്ഷ നേരിട്ട് നടത്തുന്ന 312 സ്‌കൂളുകളിൽ‍ വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗസ്ഥരുടെ മേൽ‍നോട്ടത്തിൽ‍ ആവശ്യമായ ക്രമീകരണങ്ങൾ‍ വരുത്തി.

അടുത്തയാഴ്ച നടക്കുന്ന പ്ലസ്ടു പരീക്ഷയ്ക്കായി പഴുതടച്ച ക്രമീകരണങ്ങളാണ് അധികൃതർ‍ ഒരുക്കിയിട്ടുള്ളത്. സാമൂഹ്യ അകലം കൃത്യമായി പാലിക്കുന്ന രീതിയിലാണ് പരീക്ഷാ ടേബിളുകൾ‍ സജ്ജമാക്കിയിരിക്കുന്നത്. സാനിറ്റൈസർ‍, മാസ്‌ക് തുടങ്ങിയവയുടെ ലഭ്യതയും സ്‌കൂളിൽ‍ ഉറപ്പുവരുത്തിയിട്ടുണ്ട്. കൊവിഡ് പെരുമാറ്റച്ചട്ടം അനുസരിച്ച് പരീക്ഷ സംഘടിപ്പിക്കാനും അതിന് ആവശ്യമായ ക്രമീകരണങ്ങൾ‍ക്ക് മേൽ‍നോട്ടം വഹിക്കാനുമായി അധ്യാപകർ‍ക്കും മറ്റ് ജീവനക്കാർ‍ക്കും ആരോഗ്യമന്ത്രാലയം നേരത്തേ പരിശീലനം നൽ‍കിയിരുന്നു. ഓരോ പരീക്ഷയ്ക്കു ശേഷവും പരീക്ഷാ ഹാൾ‍ അണുവിമുക്തമാക്കുന്നതിനുള്ള ജീവനക്കാരെ ഉൾ‍പ്പെടെ ഏർ‍പ്പാടാക്കിയിട്ടുണ്ട്. രാജ്യത്തെ എല്ലാ സ്‌കൂളുകൾ‍ക്കും നേരിട്ട് പരീക്ഷ സംഘടിപ്പിക്കാന്‍ മന്ത്രാലയം അനുമതി നൽ‍കിയിരുന്നുവെങ്കിലും ചില സ്വകാര്യ സ്‌കൂളുകൾ‍ ഓണ്‍ലൈനായി പരീക്ഷ നടത്താൻ തീരുമാനമെടുത്തിരുന്നു.

അതിനിടെ, രാജ്യത്തെ സ്‌കൂൾ‍ അധ്യാപകർ‍ക്കും അർ‍ഹരായ വിദ്യാർ‍ഥികൾ‍ക്കും വാക്‌സിൻ നൽ‍കുന്നതിനുള്ള നടപടികളും പുരോഗമിച്ചുവരികയാണ്. 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed