റുഷ്ദിക്ക് പിന്നാലെ എഴുത്തുകാരി ജെ കെ റൗളിംഗിന് വധഭീഷണി


എഴുത്തുകാരൻ സൽമാൻ റുഷ്ദി ആക്രമിക്കപ്പെട്ടതിന് പിന്നാലെ എഴുത്തുകാരി ജെ കെ റൗളിംഗിന് വധഭീഷണി. ഒരു ട്വിറ്റര്‍ ഉപയോക്താവാണ് റൗളിംഗിനെ ഭീഷണിയുമായി ട്വീറ്റ് ചെയ്തിരിക്കുന്നത്. ഈ ട്വീറ്റിന്റെ സ്ക്രീൻഷോട്ട് റൗളിങ് ട്വീറ്റ് ചെയ്തു. റുഷ്ദിയ്ക്ക് നേരെയുണ്ടായ ആക്രണം തന്നെ പിടിച്ചുലച്ചുവെന്നും അദ്ദേഹം തിരിച്ചുവരുമെന്ന് പ്രതീക്ഷിക്കുന്നതായും റൗളിംഗ് ട്വീറ്റ് ചെയ്തതിന് പിന്നാലെയായിരുന്നു വധഭീഷണി.

ട്വീറ്റിനോട് പ്രതികരിക്കവെ, 'നിങ്ങൾ ഭയക്കേണ്ടെ, അടുത്തത് നിങ്ങളാണ്' എന്നായിരുന്നു ഭീഷണി. ഇയാൾ റുഷ്ദിയെ ആക്രമിച്ച ന്യൂ ജഴ്സിയിൽ നിന്നുള്ള അക്രമി ഹാദി മാറ്റാറെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. പടിഞ്ഞാറൻ ന്യൂയോര്‍ക്കിൽ നടന്ന് ഒരു സാഹിത്യ പരിപാടിക്കിടെയാണ് റുഷ്ദിയെ ആക്രമിച്ചത്. ഇദ്ദേഹത്തെ നിരവധി തവണയാണ് ആക്രമി കുത്തിയത്.

അതേസമയം സൽമാൻ റുഷ്ദിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിൽ കഴിയുന്ന റുഷ്ദിയുടെ കരളിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും ആശുപത്രി വൃത്തങ്ങൾ വ്യക്തമാക്കി. മുഖത്തും കഴുത്തിനും വയറിലുമായി പത്തിലേറെ കുത്താണ് ഏറ്റത്. നിലവിൽ ആരോഗ്യ സ്ഥിതിയെ കുറിച്ച് ഒന്നും പറയാറായിട്ടില്ലെന്നായിരുന്നു റുഷ്ദിയുടെ വക്താവിന്റെ പ്രതികരണം.

ഷട്ടോക്വ ഇൻസ്റ്റിറ്റൂഷനിലെ പരിപാടിക്ക് പാസുമായാണ് പ്രതി എത്തിയതെന്നും പൊലീസ് വ്യക്തമാക്കി. ആക്രമണ കാരണമോ എന്ത് തരം ആയുധം ആണ് ഉപയോഗിച്ചതെന്നോ പൊലീസ് വ്യക്തമാക്കിയിട്ടില്ല. ആക്രമണത്തിന് പിറകിൽ ഏതെങ്കിലും സഘടകൾക്കോ ഗ്രൂപ്പിനോ പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കുമെന്ന് ന്യൂയോർക്ക് പൊലീസ് വ്യക്തമാക്കി. ഓഗസ്റ്റ് 12ന് ഇന്ത്യൻ സമയം രാത്രി എട്ടരയ്ക്കാണ് റുഷ്ദിക്ക് നോരെ ആക്രമണമുണ്ടായത്. ശസ്ത്രക്രിയക്ക് വിധേയനായ റുഷ്ദിക്ക് മികച്ച പരിചരണമാണ് നല്‍കുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ അറിയിച്ചു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed