ഹെൽത്ത് ക്ലബ്ബുകൾ ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ മാത്രമായി പരിമിതപ്പെടുത്താനുള്ള നിർദ്ദേശം തള്ളി സർക്കാർ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ വാണിജ്യ പ്രവർത്തനങ്ങളുടെ തത്വങ്ങൾക്ക് വിരുദ്ധവും വിപണിയിൽ കുത്തകവൽക്കരണത്തിന് വഴിയൊരുക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടി, തലസ്ഥാന ഗവർണറേറ്റിൽ, പ്രത്യേകിച്ച് ഹൂറ, ഗുദൈബിയ മേഖലകളിലെ ഹെൽത്ത് ക്ലബ്ബുകൾ നാല്, അഞ്ച് സ്റ്റാർ ഹോട്ടലുകൾക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന പാർലമെന്റ് നിർദ്ദേശം സർക്കാർ ഔദ്യോഗികമായി തള്ളി. ഈ നീക്കം വിലക്കയറ്റത്തിന് കാരണമാവുമെന്നും ചെറുകിട സംരംഭകരെ വിപണിയിൽ നിന്ന് പുറന്തള്ളുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.

പാർലമെന്റ്, ശൂറ കൗൺസിൽ കാര്യ മന്ത്രി ഘാനിം അൽ ബുഐനാനാണ് പാർലമെന്റിന്റെ ചോദ്യങ്ങൾക്ക് മറുപടിയായി ഇക്കാര്യം വ്യക്തമാക്കിയത്. റെസിഡൻഷ്യൽ ഏരിയകളിൽ ഹെൽത്ത് ക്ലബ്ബുകൾ വർദ്ധിക്കുന്നത് വഴി പ്രദേശത്ത് അനാവശ്യമായ ശബ്ദമലിനീകരണവും വാഹനങ്ങളുടെ പാർക്കിംഗ് പ്രതിസന്ധിയും കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് എം.പിമാർ ഇത്തരമൊരു നിർദ്ദേശം മുന്നോട്ടുവെച്ചത്. എന്നാൽ ഒരു പ്രത്യേക ഭൂപ്രദേശത്തെ മാത്രം ലക്ഷ്യമിടാതെ, രാജ്യത്തുടനീളം ഏകീകൃതമായ ലൈസൻസിങ് വ്യവസ്ഥകളാണ് ബാധകമാക്കേണ്ടതെന്ന് സർക്കാർ നിലപാടെടുത്തു.

പരിമിതമായ സ്ഥാപനങ്ങൾക്ക് മാത്രം അനുമതി നൽകുന്നത് പ്രവർത്തനച്ചെലവ് വർദ്ധിപ്പിക്കുകയും ആ ഭാരം ഉയർന്ന വിലയിലൂടെ ഉപഭോക്താക്കളുടെ മേൽ അടിച്ചേൽപ്പിക്കാൻ ഇടയാക്കുകയും ചെയ്യും. കൂടാതെ സേവന നിലവാരം കുറയാനും ആരോഗ്യ-ഫിറ്റ്‌നസ് കേന്ദ്രങ്ങൾ സാധാരണക്കാർക്ക് ലഭ്യമല്ലാതാകാനും ഇത് ഇടയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിലവിലുള്ള നിയമങ്ങൾ പ്രകാരം അംഗീകൃത വർഗ്ഗീകരണങ്ങൾ, ആരോഗ്യ-സാങ്കേതിക മാനദണ്ഡങ്ങൾ, കെട്ടിടങ്ങളുടെ അനുയോജ്യത എന്നിവ അടിസ്ഥാനമാക്കിയാണ് ഹെൽത്ത് ക്ലബ്ബുകൾ നിയന്ത്രിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വാണിജ്യ രജിസ്റ്റർ സിസ്റ്റം വഴി സംരംഭകർക്ക് പ്രവർത്തന ലൈസൻസിങ് വ്യവസ്ഥകൾ പരിശോധിക്കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന് പുറമെ, കായിക താരങ്ങൾക്കും പരിശീലകർക്കും ക്ലബ്ബ് ജീവനക്കാർക്കുമായി പ്രത്യേക വേതന പിന്തുണ പദ്ധതി നടപ്പിലാക്കേണ്ടതില്ലെന്നും, തംകീന്റെ നിലവിലുള്ള പദ്ധതികൾ വഴി ഇതിന്റെ ലക്ഷ്യങ്ങൾ ഇതിനകം കൈവരിച്ചിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ദേശീയ തൊഴിൽ പദ്ധതി, കരിയർ ഡെവലപ്‌മെന്റ് സപ്പോർട്ട് പ്രോഗ്രാമുകൾ എന്നിവയിലൂടെ കായിക മേഖലയിലെ ജീവനക്കാർക്കും പിന്തുണ ലഭിക്കുന്നുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം, ഷോപ്പിംഗ് നടത്തുന്നവർക്കും സന്ദർശകർക്കും പ്രയാസം ഒഴിവാക്കുന്നതിന്റെ ഭാഗമായി പഴയ മുഹറഖ് സൂഖിൽ 100 പുതിയ പാർക്കിംഗ് ഇടങ്ങൾ കൂടി ഒരുക്കുന്ന പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്. ഷെയ്ഖ് ഹമദ് തെരുവിലെ പ്ലാന്റിംഗ് ഏരിയകളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തിക്കൊണ്ടാകും പദ്ധതി നടപ്പിലാക്കുക. ഫണ്ടിംഗ് ലഭ്യതയ്ക്ക് അനുസൃതമായി ഇതിന്റെ വിശദമായ പദ്ധതികൾ തയ്യാറാക്കിവരികയാണെന്നും അധികൃതർ അറിയിച്ചു. നിലവിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിൽ കാർ ഷോറൂമുകൾക്കായി പ്രത്യേക കേന്ദ്രീകൃത സമുച്ചയം അനുവദിക്കുന്ന കാര്യം പരിഗണനയിലില്ലെന്നും, നിലവിലുള്ള വാണിജ്യ പ്ലാനിങ് ചട്ടക്കൂടുകൾക്കുള്ളിൽ നിക്ഷേപകർക്ക് ഇത്തരം പദ്ധതികൾ നടപ്പിലാക്കാമെന്നും സർക്കാർ വ്യക്തമാക്കി.

#HealthClubBahrain #BahrainParliament #Tamkeen #Muharraq #4PMNews

article-image

rfsfdsfdsfsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed