ഋഷഭ് പന്ത് വരുന്ന ഐപിഎൽ സീസണിൽ ഉണ്ടാവില്ല: സൗരവ് ഗാംഗുലി


വാഹനാപകടത്തിൽ പരുക്കേറ്റ ഇന്ത്യൻ വിക്കറ്റ് കീപ്പറും ഡൽഹി ക്യാപ്റ്റിറ്റൽസ് ക്യാപ്റ്റനുമായ ഋഷഭ് പന്ത് വരുന്ന ഐപിഎൽ സീസണിൽ കളിക്കില്ല. ഇക്കാര്യം ബിസിസിഐയുടെ മുൻ പ്രസിഡൻ്റും ഡൽഹി ക്യാപിറ്റൽസിൻ്റെ ഡയറക്ടർ ഓഫ് ക്രിക്കറ്റുമായ സൗരവ് ഗാംഗുലി സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 30നാണ് വാഹനാപകടത്തിൽ പന്തിനു പരുക്കേറ്റത്. അമിതവേഗത്തിലെത്തിയ പന്തിൻ്റെ കാർ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു.

“ഋഷഭ് പന്ത് ഐപിഎലിൽ കളിക്കില്ല. ഡൽഹി ക്യാപിറ്റൽസുമായി ഞാൻ ബന്ധപ്പെടുന്നുണ്ട്. നല്ല ഒരു ഐപിഎൽ സീസണാവും ടീമിന്. ഞങ്ങൾ നല്ല പ്രകടനം നടത്തും. പക്ഷേ, പന്തിൻ്റെ പരുക്ക് ഞങ്ങളെ ബാധിക്കും.” ഗാംഗുലി പറഞ്ഞതായി സ്പോർട്സ് ടുഡേ റിപ്പോർട്ട് ചെയ്തു.

ഋഷഭ് പന്തിന്റെ ശസ്ത്രക്രിയ വിജയകരമായി നടത്തിയിരുന്നു. വലത് കാൽ മുട്ടിലാണ് ശസ്ത്രക്രിയ നടത്തിയത്. ഈ മാസം ആറിനായിരുന്നു ശസ്ത്രക്രിയ. മുംബൈ കോകിലാബെൻ ധീരുഭായ് അംബാനി ആശുപത്രിയിലാണ് ഋഷഭ് പന്ത് ചികിത്സയിൽ തുടരുന്നത്.

ഡെറാഡൂൺ-ഡൽഹി ദേശീയപാതയിലാണ് ഋഷഭ് പന്ത് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് കത്തിയമർന്നത്. പന്ത് തന്നെയായിരുന്ന കാർ ഓടിച്ചിരുന്നത്. ഡ്രൈവിംഗിനിടെ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പന്ത് പിന്നീട് വ്യക്തമാക്കിയതായി പൊലീസ് അറിയിച്ചിരുന്നു. ഒരു ബസ് ഡ്രൈവറാണ് പന്തിന് പ്രഥമ ശുശ്രൂഷ നൽകിയത്. ൻ ക്രിക്കറ്റ് കാണാറില്ലെന്നും അതുകൊണ്ട് തന്നെ ആളെ തിരിച്ചറിഞ്ഞില്ലെന്നും ബസ് ഡ്രൈവർ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തിരുന്നു.

ദേശീയ പാതയിലെ കുഴി ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെയാണ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി പറഞ്ഞിരുന്നു. ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വച്ചാണ് ഋഷഭിന് അപകടമുണ്ടാകുന്നത്. അവിടുത്തെ കുഴിയെ വെട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് കാർ അപകടത്തിൽപ്പെട്ടത്. മാക്‌സ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഋഷഭ് പന്തിനെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ ഈ ആരോപണം ദേശീയ പാതാ അതോറിറ്റി തള്ളുകയും ചെയ്തു.

ആദ്യം റൂർകിയിലെ സക്ഷം ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്തിനെ ഡെറാഡൂണിലെ മാക്‌സ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ച പന്തിനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനിയിലേക്ക് മാറ്റി.

article-image

 fvbdffdv

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed