നരേന്ദ്ര മോദിയെ റഷ്യയിലേക്ക് ക്ഷണിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ


ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ 2022ൽ റഷ്യയിലേക്ക് ക്ഷണിച്ച് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിൻ. ഇന്ത്യ തനിക്ക് നൽകിയ വരവേൽപ്പിനും പുടിൻ നന്ദി പറഞ്ഞു. ഇന്ത്യ− റഷ്യ 21−ാമത് ഉച്ചകോടിക്കായി തിങ്കളാഴ്ച ഡൽഹിയിലെത്തിയ പുടിൻ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹത്തെ റഷ്യയിലേക്ക് ക്ഷണിച്ചത്. ഇന്ത്യ വൻശക്തിയാണെന്നും ദീർഘകാല സുഹൃദ് രാജ്യമെന്നും പുടിൻ പറഞ്ഞു. പുടിന്‍റെ ഇന്ത്യ സന്ദർശനം ആഗോളതലത്തിൽ വലിയ പ്രാധാന്യമുള്ളതായി. റഷ്യയുടെ പ്രതിരോധ, വിദേശകാര്യമന്ത്രിമാർ പുടിനു മുന്പായി ഡൽഹിയിലെത്തി തന്ത്രപ്രധാന കരാറുകളിലൊപ്പുവച്ചു. ആറു മണിക്കൂർ മാത്രം നീണ്ട സന്ദർശനം പൂർത്തിയാക്കി ഇന്നു പുലർച്ചെ പുടിൻ മടങ്ങി. രണ്ടു വർഷത്തിനു ശേഷമാണു പുടിനും മോദിയും നേരിൽ കാണുന്നത്. 2019ൽ ബ്രസീലിൽ നടന്ന ബ്രിക്്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) ഉച്ചകോടിക്കിടെ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയിരുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണം, സുരക്ഷാ സാഹചര്യം, തീവ്രവാദ− ഭീകരാക്രമണ ഭീഷണികൾ, തീവ്രവാദ ധനസഹായങ്ങൾ, ആയുധ−മയക്കുമരുന്ന് വ്യാപാരം തുടങ്ങിയവ മോദിയും പുടിനും ചർച്ച ചെയ്തു. ഇരുരാജ്യങ്ങളും ആശങ്കകൾ പങ്കിടുകയും സഹകരണം ശക്തിപ്പെടുത്താൻ തീരുമാനിക്കുകയും ചെയ്തതായി ഉന്നതകേന്ദ്രങ്ങൾ അറിയിച്ചു.

“തീവ്രവാദവുമായി ബന്ധപ്പെട്ട എല്ലാക്കാര്യങ്ങളെക്കുറിച്ചും സ്വാഭാവികമായും ഞങ്ങൾ ആശങ്കാകുലരാണ്. തീവ്രവാദത്തിനെതിരായ പോരാട്ടം മയക്കുമരുന്നു കടത്തിനും സംഘടിത കുറ്റകൃത്യങ്ങൾക്കും എതിരായ പോരാട്ടംകൂടിയാണ്. അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങളിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്’’− റഷ്യൻ പ്രസിഡന്‍റ് പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed