നിരോധിത മയക്കുമരുന്ന് ഇടപാട്; കുവൈറ്റിൽ ഇന്ത്യൻ പ്രവാസിക്ക് വധശിക്ഷ


നിരോധിത മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പിടിയിലായ ഇന്ത്യൻ പ്രവാസിക്ക് കുവൈറ്റിൽ വധശിക്ഷ. കുവൈറ്റ് ക്രിമിനൽ കോടതിയാണ് വധശിക്ഷ വിധിച്ചതെന്ന് പ്രാദേശിക പത്രം അൽ റായിയെ ഉദ്ധരിച്ച് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കുവൈറ്റ് സിറ്റിയുടെ തെക്ക് ഭാഗത്തുള്ള അൽ ഫർവാനിയ ഗവർണറേറ്റിലെ ജിലീബ് അൽ ഷുയൂഖ് പ്രദേശത്ത് മയക്കുമരുന്ന് വിതരണം ചെയ്യുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. ക്രിമിനൽ കോടതിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം ഇയാളിൽ നിന്ന് എത്ര അളവ് മയക്കുമരുന്നാണ് പിടിച്ചെടുത്തതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി, ഇയാള്‍ക്കെതിരെ തെളിവുകളുണ്ടെന്നും വ്യക്തമാക്കിയാണ് കോടതി വധശിക്ഷ വിധിച്ചത്. കഴിഞ്ഞ മാസങ്ങളിൽ കുവൈറ്റിൽ നിന്ന് നിരവധി മയക്കുമരുന്ന് കടത്തുകളാണ് പിടിക്കപ്പെട്ടത്. ഫയർ എക്‌സ്‌റ്റിംഗ്യൂഷറിനുള്ളിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പ്രവാസിയെ കുവൈറ്റ് പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. പ്രാദേശികമായി ഷാബു എന്നറിയപ്പെടുന്ന മയക്കുമരുന്നായ മെത്താംഫെറ്റാമിൻ 22 കിലോഗ്രാമുമായാണ് ഇയാളെ പിടികൂടിയത്.മയക്കുമരുന്ന് കേസുകളിൽ വധശിക്ഷ ഉൾപ്പെടെയുള്ള കഠിനമായ ശിക്ഷകളാണ് കുവൈറ്റ് നല്‍കുന്നത്. മയക്കുമരുന്ന് കടത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഒരു കവൈറ്റ് പൗരന് കഴിഞ്ഞ മാസം കോടതി വധശിക്ഷ വിധിച്ചിരുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed