സംയുക്ത കിസാൻ മോർ‍ച്ചയുടെ നേതൃത്വത്തിൽ കർഷകർ വീണ്ടും തെരുവിലേക്ക്


ഐതിഹാസിക കർ‍ഷക സമരത്തിന്റെ കരുത്തുറ്റ വിജയത്തിന് രണ്ടാണ്ട് പിന്നിടുമ്പോൾ‍ രാജ്യത്തെ കർ‍ഷകർ‍ വീണ്ടും സമരവുമായി തെരുവുകളിലേക്ക്. താങ്ങുവില ഉൾ‍പ്പെടെയുള്ള വിഷയങ്ങളിലുള്ള വാഗ്ദാനങ്ങൾ‍ കേന്ദ്ര സർ‍ക്കാർ‍ ലംഘിച്ചെന്ന് ആരോപിച്ചാണ് സമരം. ശനിയാഴ്ച മുതലാണ് സമരം ആരംഭിക്കുന്നത്.സംയുക്ത കിസാൻ മോർ‍ച്ചയുടെ നേതൃത്വത്തിൽ‍ എല്ലാ സംസ്ഥാനങ്ങളിലെയും രാജ്ഭവനിലേക്ക് കർ‍ഷകർ‍ മാർ‍ച്ച് നടത്തും. 

2020ലെ കർ‍ഷകരുടെ ഡൽ‍ഹി മാർ‍ച്ചിന്റെ വാർ‍ഷികത്തിലാണ് 33 സംഘടനകളുടെ സമരം. സംയുക്ത കിസാൻ മോർ‍ച്ചയാണ് (എസ്.കെ.എം) സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വായ്പ എഴുതി തള്ളുക, ഉത്തർ‍പ്രദേശിലെ ലഖിംപൂരിലെ കർ‍ഷകരുടെ മരണത്തിന് കാരണക്കാരനായ കേന്ദ്ര മന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങി ഏഴ് ആവശ്യങ്ങളും കർ‍ഷകർ‍ മുന്നോട്ട് വെക്കുന്നുണ്ട്.മാർ‍ച്ചിനൊടുവിൽ‍ രാഷ്ട്രപതിക്ക് നൽ‍കാനായി നിവേദനം ഗവർ‍ണർ‍മാർ‍ക്ക് കൈമാറും. കർ‍ഷകസമരത്തിന്റെ അടുത്ത ഘട്ടത്തിന്റെ ആരംഭമെന്നോണമാണ് നവംബർ‍ 26 മുതൽ‍ തുടങ്ങുന്ന രാജ്യവ്യാപക സമരത്തെ കർ‍ഷകർ‍ കാണുന്നത്.

   ഡിസംബർ‍ ഒന്ന് മുതൽ‍ പതിനൊന്ന് വരെ എല്ലാ രാഷ്ട്രീയ പാർ‍ട്ടികളിലെയും എം.പിമാരുടെയും എം.എൽ‍.എമാരുടെയും ഓഫീസുകളിലേക്കും മാർ‍ച്ച് സംഘടിപ്പിക്കുമെന്നും കർ‍ഷക സംഘടനകൾ‍ അറിയിച്ചു. വിളകളുടെ മിനിമം താങ്ങുവിലയിൽ‍ (എം.എസ്.പി) ചർ‍ച്ച നടത്തി നിയമം കൊണ്ടുവരുമെന്ന് കേന്ദ്ര സർ‍ക്കാർ‍ രേഖാമൂലം ഉറപ്പ് നൽ‍കിയിരുന്നെങ്കിലും ഇതുവരെ അത് നടപ്പാക്കിയില്ലെന്ന് കർ‍ഷക സംഘടനാ നേതാക്കൾ‍ ആരോപിച്ചു. 2024ൽ‍ ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വാഗ്ദാനലംഘനം ഉയർ‍ത്തി സർ‍ക്കാരിനെതിരെ വൻ സമരത്തിന് കൂടിയാണ് കർ‍ഷകർ‍ തയ്യാറെടുക്കുന്നത്. നരേന്ദ്ര മോദി സർ‍ക്കാരിന്റെ കർ‍ഷകവിരുദ്ധ കാർ‍ഷിക നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് 2020 നവംബറിലാണ് പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ‍ നിന്നുള്ള ആയിരക്കണക്കിന് കർ‍ഷകർ‍ ഡൽ‍ഹി അതിർ‍ത്തിയിൽ‍ സമരം തുടങ്ങിയത്. കർ‍ഷകരുടെ ശക്തമായ പ്രതിഷേധത്തിന് മുന്നിൽ‍ മുട്ടുമടക്കി 2021 നവംബർ‍ 19ന് കേന്ദ്ര സർ‍ക്കാർ‍ നിയമം പിൻ‍വലിക്കുകയായിരുന്നു.

article-image

yrtyr

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed