സൂറത്കൽ ഫാസിൽ വധക്കേസിൽ ആറുപേർ അറസ്റ്റിൽ


സൂറത്കൽ ഫാസിൽ വധക്കേസിൽ ആറുപേർ അറസ്റ്റിൽ. സംഭവത്തിൽ വൻ പ്രതിഷേധം ഉയർന്നതിനു പിന്നാലെയാണ് കൃഷ്ണപുര സ്വദേശികളായ സുഹാസ് ഷെട്ടി(29), മോഹൻ(26), ഗിരിദർ(23), അഭിഷേക്(21), ശ്രിനിവാസ്(23), ദീക്ഷിത്(21) എന്നിവരെ മംഗളൂരു പൊലീസ് പിടികൂടിയത്. പ്രതികൾ കൊലപാതകത്തിനെത്തിയ കാറിന്റെ ഉടമ അജിത് ക്രസ്റ്റയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സൂറത്കല്ലിലെ ഹിന്ദുസ്ഥാൻ പെട്രോളിയം പമ്പിൽ തൊഴിലാളിയായ ഫാസിലിനെ അക്രമിസംഘം ക്രൂരമായി കൊലപ്പെടുത്തിയത്. നഗരത്തിലെ ഒരു ടെക്‌സ്റ്റൈൽ ഷോപ്പിനു പുറത്തുവച്ചായിരുന്നു ക്രൂരമായ കൊലപാതകം. 

സുഹൃത്തുമായി സംസാരിച്ചുനിൽക്കെ പിന്നിൽനിന്നെത്തിയ അക്രമിസംഘം 23കാരനെ ക്രൂരമായി മർദിച്ച ശേഷം നിരവധി തവണ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.  യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിനു തൊട്ടുപിന്നാലെയായിരുന്നു ഫാസിലിനെ കൊലപ്പെടുത്തിയത്. പ്രവീണിന്റെ വധത്തിന് പ്രതികാരമായായിരുന്നു ഇതെന്നാണ് കരുതപ്പെട്ടത്. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പ്രവീണിന്റെ വീട്ടിലെത്തിയ സമയത്തായിരുന്നു ജില്ലയിൽ തന്നെ മറ്റൊരു കൊലപാതകം നടന്നത്.  സുഹാസ് ഷെട്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ഫാസിലിനെ കുറച്ചു ദിവസമായി സംഘം നിരീക്ഷിച്ചുവരികയായിരുന്നു. ഫാസിൽ ജോലി ചെയ്യുന്ന പെട്രോളിയം പമ്പിലും സംഘമെത്തിയിരുന്നതായി പൊലീസ് പറയുന്നു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed