കായംകുളത്ത് സ്കൂളിൽ ഭക്ഷ്യ വിഷബാധ; 20 കുട്ടികൾ ആശുപത്രിയിൽ


കായംകുളം ടൗൺ ഗവ യുപി സ്‌കൂളിൽ‍ കുട്ടികൾ‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. സ്‌കൂളിൽ‍ നിന്ന് ഇന്നലെ ഉച്ചഭക്ഷണം കഴിച്ച 20 കുട്ടികളെ ആശുപത്രിയിൽ‍ പ്രവേശിപ്പിച്ചു. സാമ്പാറും ചോറുമായിരുന്നു സ്‌കൂളിലെ ഭക്ഷണം. ഇന്നലെ രാത്രിയോടെ തന്നെ കുട്ടികൾ‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. ഉടനെ ചികിത്സ തേടിയ ശേഷം തിരികെ വീട്ടിൽ‍ പോയി. പക്ഷെ ഇന്ന് രാവിലെ കുട്ടികൾ‍ക്ക് വീണ്ടും വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടതിന് തുടർ‍ന്ന് വീണ്ടും ആശുപത്രിയിൽ‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരുടെയും നില ഗുരുതരമല്ല. സംഭവത്തിൽ‍ ആരോഗ്യവകുപ്പും പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. 

സംസ്ഥാനത്ത് അങ്ങിങ്ങായി ഭക്ഷ്യ വിഷബാധ തുടർ കഥയാവുന്ന പശ്ചാത്തലത്തിൽ ഹോട്ടലുകളിൽ കർശന പരിശോധന നടത്താൻ ആരോഗ്യ വകുപ്പ് ഉത്തരവിട്ടിരുന്നു. ശുചിത്വം, ഗുണമേന്മ എന്നിവ മുന്‍നിർ‍ത്തി സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കുമെന്ന് മന്ത്രി വീണാ ജോർ‍ജ് പറഞ്ഞിരുന്നു.സ്ഥാപനങ്ങൾ‍ മൂന്ന് മാസത്തിനകം ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷനും ലൈസന്‍സും ലഭ്യമാക്കിയിരിക്കണം. അല്ലാത്ത പക്ഷം സ്ഥാപനങ്ങൾ‍ക്കെതിരെ നടപടിയെടുക്കും. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾ‍ ഫ്രീ നമ്പർ‍ പ്രദർ‍ശിപ്പിച്ചിരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ‍ കൂടുതൽ‍ ശക്തമാക്കും. മഴക്കാലം കൂടി മുന്നിൽ‍ കണ്ട് ഭക്ഷ്യ സുരക്ഷാ പരിശോധന ഊർ‍ജിതമാക്കുന്നതാണ്. പൊതു ജനങ്ങൾ‍ക്ക് പരാതികൾ‍ ഫോട്ടോ സഹിതം അപ്‌ലോഡ് ചെയ്യുന്നതിന് സൗകര്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed