രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി


ന്യൂഡൽഹി: കോടതി ഉത്തരവിലൂടെ രാജ്യത്ത് ഭിക്ഷാടനം നിരോധിക്കാനാകില്ലെന്ന് സുപ്രീംകോടതി. ദാരിദ്ര്യം കൊണ്ടാണ് ആളുകൾ തെരുവിൽ ഭിക്ഷ യാചിക്കുന്നത്. പ്രമാണിവര്‍ഗ്ഗത്തിന്‍റെ കാഴ്ചപ്പാടല്ല ഇക്കാര്യത്തിൽ സുപ്രീംകോടതിക്ക് ഉള്ളതെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. കൊവിഡ് ഭീഷണി തടയാൻ തെരുവിൽ ഭിക്ഷ യാചിക്കുന്നവരെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജിയിലായിരുന്നു ഈ പരാമര്‍ശം.

മാനുഷികതയുടെ പ്രതീകമായി ആകാശത്തോളം ഉയര്‍ന്നുള്ള പരാമര്‍ശമാണ് സുപ്രീംകോടതി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് നടത്തിയത്. കൊവിഡ് വ്യാപനം തടയാൻ തെരുവിൽ ഭിക്ഷ യാചിക്കുന്നവരെ വിലക്കണമെന്നും ഇവരെ പുനരധിവസിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഭിക്ഷ യാചിച്ച് ജീവിക്കണം എന്ന് ആരും ആഗ്രഹിക്കുന്നവരല്ല. ദാരിദ്ര്യം കൊണ്ടാണ് ആളുകൾ ഭിക്ഷ യാചിക്കുന്നത്. ഒരു ഗതിയും ഇല്ലാത്ത അവസ്ഥയിലായിരിക്കും അത്. പ്രമാണിവര്‍ഗ്ഗത്തിന്‍റെ കാഴ്ചപ്പാടിലൂടെ അവരെ നോക്കാൻ കോടതിക്ക് സാധിക്കില്ല. അവര്‍ക്ക് മുന്നിൽ കണ്ണടക്കാനും കോടതിക്ക് കഴിയില്ല. വലിയൊരു സാമൂഹ്യ-സാമ്പത്തിക പ്രശ്നമായേ ഈ സാഹചര്യത്തെ കാണാൻ സാധിക്കൂ.

സര്‍ക്കാരുകളുടെ സാമൂഹ്യക്ഷേമ നയങ്ങളിലെ പോരായ്മകൾ കൊണ്ട് കൂടിയാണ് ആളുകൾക്ക് തെരുവിൽ ഭിക്ഷ യാചിക്കേണ്ടി വരുന്നതെന്നും കോടതി പരാമര്‍ശം നടത്തി. അതിനാൽ തെരുവിൽ നിന്ന് അവരെ മാറ്റിനിര്‍ത്തണമെന്ന ഹര്‍ജിക്കാരന്‍റെ ആവശ്യം പരിഗണിക്കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. അതേസമയം ഭിക്ഷ യാചിക്കുന്നവരുടെ പുനരധിവാസവും അവര്‍ക്ക് വാക്സിൻ നൽകാനുള്ള നടപടികളും പരിശോധിക്കാമെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച സുപ്രീംകോടതി രണ്ടാഴ്ചക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed