സൗദിയിൽ‍ ഡ്രൈവിംഗ് ലൈസൻസ് ഇനി ഡിജിറ്റൽ‍ രൂപത്തിൽ‍


റിയാദ്: ഡിജിറ്റൽ‍ സാങ്കേതിക വിദ്യാ സേവനങ്ങൾ‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ‍ കോപ്പി സൗദി ട്രാഫിക് ഡയറക്ടറേറ്റ് പുറത്തിറക്കി. ഇനി മുതൽ‍ ഡ്രൈവിംഗ് ലൈസൻസിന്റെ ഹാർ‍ഡ് കോപ്പി കൈയിൽ‍ കൊണ്ടുനടക്കേണ്ട ആവശ്യമില്ല. സുരക്ഷാ വകുപ്പുകളുമായി ബന്ധപ്പെട്ട ഡ്രൈവിംഗ് ലൈസൻസ് ആവശ്യമുള്ള നടപടിക്രമങ്ങൾ‍ക്കെല്ലാം ഇനി മുതൽ‍ ഡിജിറ്റൽ‍ കോപ്പി പ്രദർ‍ശിപ്പിച്ചാൽ‍ മതിയാവും. മറ്റ് സുരക്ഷാ ഏജൻസികളെല്ലാം ഡിജിറ്റൽ‍ ഡ്രൈവിംഗ് ലൈസൻസ് അംഗീകരിച്ചതായി ട്രാഫിക് ഡയറക്ടറേറ്റ് വക്താവ് അറിയിച്ചു.

ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺ‍ലൈൻ പ്ലാറ്റ്ഫോമുകളായ 'അബ്ശിർ‍ ഇൻഡിവിജ്വൽ‍സ്', 'തവക്കൽ‍നാ' എന്നീ ആപ്പുകൾ‍ വഴിയാണ് ലൈസൻസിന്റെ ഡിജിറ്റൽ‍ കോപ്പി ലഭ്യമാക്കിയിരിക്കുന്നത്. സൗദി ഡാറ്റ ആന്റ് ആർ‍ട്ടിഫിഷ്യൽ‍ ഇന്റലിജൻസ് അതോറിറ്റിക്കു കീഴിലെ നാഷണൽ‍ ഇൻഫർ‍മേഷൻ സെന്ററുമായി സഹകരിച്ചാണ് ഡ്രൈവിംഗ് ലൈസന്‍സിന്റെ ഡിജിറ്റൽ‍ കോപ്പി വികസിപ്പിച്ചതെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ഡിജിറ്റൽ‍ ഡ്രൈവിംഗ് ലൈസൻസ് കോപ്പിയിൽ‍ ക്യുആർ‍ കോഡ് അടങ്ങിയിട്ടുണ്ട്. ഇത് സ്‌കാൻ ചെയ്താൽ‍ ലൈസൻസുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ‍ ലഭ്യമാവും. ഡിജിറ്റൽ‍ ലൈസൻസ് കോപ്പി മൊബൈൽ‍ ഫോൺ ഉൾ‍പ്പെടെയുള്ള സ്മാർ‍ട്ട് ഉപകരണങ്ങളിൽ‍ സൂക്ഷിക്കാനും ഇന്റർ‍നെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ ഏതു സമയത്തും ഉപയോഗിക്കാനും സാധിക്കുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് പറഞ്ഞു. പ്രവാസികൾ‍ക്ക് ഉൾ‍പ്പെടെ ഈ സേവനം ലഭ്യമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed