'എന്തുകൊണ്ട് വാജ്പേയ് മോദിയെ കടമകളെ പറ്റി ഓർമ്മിപ്പിച്ചു'; സുപ്രീം കോടതി വിധിയിൽ എട്ട് ചോദ്യങ്ങളുമായി ജയറാം രമേശ്


ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സാക്കിയ ജഫ്രി നൽകിയ ഹർജി തളളിയ സുപ്രീം കോടതി നിലപാട് നിരാശാജനകമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഇൻ ചാർജ് ജയറാം രമേശ്. മുമ്പ് ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതുണ്ട്. കോൺഗ്രസ് ഇഹ്സാൻ ജഫ്രിക്കും സാക്കിയ ജഫ്രിക്കുമൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് കലാപത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒഴിഞ്ഞുമാറാനാകില്ല. വീഴ്ച പറ്റിയില്ലെങ്കിൽ പിന്നെ എന്തിനാണ് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ് മോദിയെ കടമകളെപറ്റി ഓർമ്മിപ്പിച്ചതെന്നും ജയറാം രമേശ് ട്വീറ്റിലൂടെ ചോദിച്ചു.

വലിയ തോതിലുള്ള വർഗീയ കലാപങ്ങളിൽ മുഖ്യമന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റേയും ഭരണഘടനാപരവും ധാർമികവുമായ ഉത്തരവാദിത്തം എന്താണ്?. ഇത്തരം കേസുകളിലെ ഉത്തരവാദിത്തം കലക്ടർക്കും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർക്കും മാത്രമാണോ, ഭരിച്ചവർക്ക് ഉത്തരവാദിത്തമില്ലേ? ഒരു സംസ്ഥാനം അക്രമത്തിന്റേയും കലാപത്തിന്റേയും വലയത്തിലേക്ക് വലിച്ചെറിയപ്പെട്ടാലും മുഖ്യമന്ത്രിയും, മന്ത്രിസഭയും ഒരിക്കലും ഉത്തരവാദിയാകില്ലേ? എന്നും രമേഷ് ചോദിച്ചു.

കോൺഗ്രസ് അന്തരിച്ച സഹപ്രവർത്തകൻ ഇഹ്‌സാൻ ജഫ്രിക്കും കുടുംബത്തിനുമൊപ്പം നിൽക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയുടെ ഫലമാണ് അദ്ദേഹത്തിന്റെ ദാരുണാന്ത്യം. നരേന്ദ്ര മോദിയെ വേട്ടയാടുന്ന അഞ്ച് ചോദ്യങ്ങളുണ്ടെന്നും ജയറാം രമേശ് പറഞ്ഞു.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോദിക്ക് എടിഎസ് ക്ലീൻ ചിറ്റ് നൽകിയതിനെ ചോദ്യം ചെയ്തായിരുന്നു സാക്കിയ ജഫ്രിയുടെ ഹർജി. ഗൂഢാലോചന അന്വേഷിക്കാൻ പുതിയ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹർജിയില്‍ കഴമ്പില്ലെന്നും മോദി ഉള്‍പ്പെടെയുള്ളവര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നടപടി ശരിവക്കുന്നതായും സുപ്രീംകോടതി ഉത്തരവിട്ടു. ജസ്റ്റിസ് എ എം ഖാൻവില്‍ക്കര്‍, ദിനേഷ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലാണ് സാക്കിയ ജഫ്രിക്ക് വേണ്ടി സുപ്രീം കോടതിയില്‍ വാദിച്ചത്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed