ബഹ്‌റൈനിൽ കാണാതായ ഫുട്ബോൾ കോച്ചിന്റെ മൃതദേഹം കണ്ടെത്തി

മനാമ : ബഹ്‌റൈനിൽ നിന്നും കാണാതായ ഫുട്ബോൾ കോച്ച് തിലകന്റെ (59) മൃതദേഹം ഇന്ന് രാവിലെ കടൽക്കരയിൽ നിന്ന് കണ്ടെത്തി. മിനാസ ൽമാനിൽ നിന്ന് ഹിദ്ദിലെയ്ക്കുള്ള പാലത്തിനടിയിലാണ് തിരിച്ചറിയാനാവാത്ത തരത്തിൽ പഴകിയ മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. ധരിച്ചിരുന്ന വസ്ത്രത്തിന്റെ പോക്കറ്റിൽ നിന്നും ലഭിച്ച സി പി ആറിൽ നിന്നാണ് മൃതദേഹം കാണാതായ തിലകന്റേത് ആണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്.
കണ്ണൂർ സ്വദേശിയായ തിലകനെ കഴിഞ്ഞ ഫെബ്രുവരി 4 മുതലാണ് താമസ സ്‌ഥലത്തു നിന്നും കാണാതായത്. തുടർന്ന് അദ്ദേഹം ജോലി ചെയ്യുന്ന സ്‌ഥാപനത്തിന്റെ ഉടമ അഡ്വ. ലതീഷ് ഭരതന്റെ പരാതിയിൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചിരുന്നു. കൂടാതെ മലയാളി സാമൂഹ്യ പ്രവർത്തകരും അവരുടേതായ നിലയിൽ വിവിധ സ്‌ഥലങ്ങൾ കേന്ദ്രീകരിച്ചു അന്വേഷണം നടത്തുന്നുണ്ടായിരുന്നു. ഹൂറയിലെ താമസ സ്‌ഥലത്തു നിന്നും കാണാതായതിനു ശേഷം ഇതുവരെ യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അദ്ദേഹം ഉപയോഗിച്ചിരുന്ന രണ്ടു മൊബൈൽ ഫോണുകളും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
പ്രമുഖ സ്‌ഥാപനമായ ടൈറ്റാനിയം അടക്കമുള്ള കമ്പനികൾക്ക് വേണ്ടി ബൂട്ട് അണിഞ്ഞിരുന്ന തിലകൻ 5 വര്ഷം മുൻപാണ് ബഹറിനിൽ എത്തുന്നത്. ഇവിടെ കാര്യമായ ജോലി ഒന്നും തരപ്പെടാതിരുന്നതിനെ തുടർന്ന് ഒരു കമ്പനിയിൽ സെക്യൂരിറ്റി ആയി ജോലി നോക്കുകയായിരുന്നു. ഒന്നര വര്ഷം മുൻപ് അദ്ദേഹത്തിന്റെ നാട്ടുകാരനും ബഹ്‌റൈനിലെ പൊതു പ്രവർത്തകനുമായ അഡ്വ. ലതീഷ് ഭരതനാണു ഒരു ഫുട്ബോൾ അക്കാദമി സ്‌ഥാപിക്കുകയും അതിന്റെ കോച്ച് ആയി തിലകനെ നിയമിക്കുകയും ചെയ്യുന്നത്. തുടർന്ന് അക്കാദമിയിൽ നിരവധി പേർക്ക് ഫുട്ബോൾ പരിശീലനം നൽകി വരികയായിരുന്നു ഇദ്ദേഹം.
വീട്ടിലേയ്ക്കു എന്നും വിളിക്കുമായിരുന്ന തിലകൻ ജനുവരി 22 നു ശേഷം വീടുമായി ബന്ധപ്പെട്ടിരുന്നില്ലെങ്കിലുംപിന്നീട്കുറച്ചു ദിവസങ്ങളായി ബന്ധപ്പെട്ടിരുന്നില്ലെന്നും മകൻ പറഞ്ഞിരുന്നു. ഫുട് ബോളുമായി ബന്ധപ്പെട്ട് എന്തെങ്കിലും തിരക്കിൽ ആയിരിക്കുമെന്നാണ് അന്ന് വീട്ടുകാർ കരുതിയത്.
എം ബി എ കാരിയായ മകൾ ദർശനയെ ബഹ്‌റൈനിൽ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലായിരുന്നു തിലകൻ. ജനുവരി 31 ന് വിസയുടെ കാര്യം എന്തായി എന്ന് ചോദിച്ചു ദർശന പിതാവിന് വാട്ട്സ് ആപ് സന്ദേശം അയച്ചപ്പോൾ ഫെബ്രുവരി 1ന് വിസ റെഡി ആണെന്നും രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ബഹറിനിൽ വരാൻ കഴിയുമെന്നും മറുപടിയും അയച്ചിരുന്നു. എന്നാൽ ഫെബ്രുവരി 4 നു തിലകനെ കാണാനില്ലെന്ന വാർത്തയാണ് പിന്നെ വീട്ടുകാർ കേട്ടത്.