ഉന്നത തസ്തികകളിൽ ഇനി സൗദികൾ മതിയെന്ന് ശൂറാ കൗൺസിൽ നിർദ്ദേശം

റിയാദ്: ഉന്നത പദവികളിൽ ഇനി സ്വദേശി പൗരന്മാർ ജോലി ചെയ്താൽ മതിയെന്ന് സൗദി ശൂറാ കൗൺസിലിന്‍റെ തീരുമാനം. രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ഉയർന്ന തസ്തികകളിലെ സ്വദേശിവത്കരണം 75 ശതമാനമായി ഉയർത്താനുള്ള കരട് നിർദേശത്തിനാണ് ഇന്നലെ സൗദി ശൂറാ കൗൺസിൽ അംഗീകാരം നൽകിയത്.
തൊഴിലില്ലായ്മ നിരക്ക് കുറക്കുകയാണ് ലക്ഷ്യം. ശൂറാ കൗൺസിലിലെ സാമൂഹിക − കുടുംബ −യുവജന കാര്യങ്ങൾക്കുള്ള സമിതിയാണ് കരട് നിർദ്ദേശം മുന്നോട്ടുവെച്ചത്. സ്ഥാപനത്തിലെ ഉന്നത പദവികളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 75 ശതമാനത്തിൽ കുറയാൻ പാടില്ല. യോഗ്യരായ സ്വദേശികളെ ലഭിക്കാതെ വന്നാൽ മാത്രം ഉന്നത പദവികളിൽ താൽക്കാലികമായി വിദേശിയെ നിയമിക്കാൻ അനുവാദമുണ്ടാകും.